മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു സിനിമയാണ് ജയസൂര്യയെ നായകനാക്കി റോജിന് തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ. ഇപ്പോളിത ജയസൂര്യയുടെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.
പോസ്റ്ററിൽ, കടമറ്റത്തു കത്തനാരായി വേഷമിടുന്ന നടൻ ജയസൂര്യ, കറുപ്പും ചുവപ്പും നിറത്തിലുള്ള ആകാശ വേരുകളാൽ പൊതിഞ്ഞ ഒരു പാറക്കെട്ടിന്റെ അരികിൽ നിൽക്കുന്നത് കാണാം. പാറയുടെ പരുക്കൻ ഘടന അത് എവിടെയോ വിദൂരവും ഒറ്റപ്പെട്ടതുമാണെന്ന് സൂചിപ്പിക്കുന്നു. നീണ്ട മുടിയും താടിയും ധരിച്ച അദ്ദേഹത്തിന്റെ വസ്ത്രധാരണം കത്തനാർ വെറുമൊരു പുരോഹിതനല്ല, മറിച്ച് ദുഷ്ടശക്തികളോട് പോരാടുന്ന ഒരു യോദ്ധാവ് കൂടിയാണെന്ന് ഊന്നിപ്പറയുന്നുണ്ട്.
ജയസൂര്യക്കൊപ്പം സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാറായ അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്നു. പ്രശസ്ത നർത്തകനും നടനുമായ പ്രഭുദേവ, തമിഴ് നടൻ സാൻഡി എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ ആദ്യ ഭാഗം 2024 ൽ പ്രദർശനത്തിനെത്തുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും അത് അമിതമായി വൈകി. ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയതോടെ, ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
