കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു വിജയമാണ് സ്വന്തമാക്കിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.ആറു വർഷങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ പരാജയപ്പെടുത്തുന്നത്.
എന്നാൽ ഈ വിജയത്തിനിടയിലും ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.ആ വിവാദങ്ങൾക്കുള്ള കാരണം മത്സരം വീക്ഷിക്കാനെത്തിയ എഫ് സി ഗോവയുടെ ആരാധകർ ഉന്നയിച്ച ആരോപണങ്ങളാണ്. എവേ സ്റ്റാൻഡിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചില ആരാധകരിൽ നിന്നും മോശം സമീപനങ്ങൾ ഉണ്ടായി എന്നും ആരാധകരിൽ ചിലർ എഫ്സി ഗോവയുടെ സ്റ്റാഫ് അംഗത്തിനെതിരെ കല്ലെറിയുകയും ചെയ്തു എന്നാണ് എഫ് സി ഗോവയുടെ ആരാധകർ ആരോപിക്കുന്നത്.
ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോയും ഗോവ ആരാധകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
എഫ് സി ഗോവയും ഈ വിഷയത്തിൽ ഔദ്യോഗികമായ ഒരു പത്രക്കുറിപ്പ് ഇറക്കുകയും വിഷയത്തിൽ ഐ എസ് എൽ അധികൃതർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇത്തരത്തിൽ എഫ് സി ഗോവ ആരാധകരുടെ ആരോപണങ്ങൾ വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിച്ച്.
എവേ സ്റ്റാൻഡിൽ ഉണ്ടായ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരുതരത്തിലും യോജിക്കാൻ കഴിയില്ല എന്നാണ് ഇവാൻ വുകമനോവിച്ച് പറയുന്നത്.യൂറോപ്പിൽ അച്ഛനും മക്കളും രണ്ട് ജേഴ്സി അണിഞ്ഞ് ഒന്നിച്ചിരുന്ന് ഫുട്ബോൾ മത്സരം വീക്ഷിക്കുന്നത് നമുക്ക് കാണാനാവും.അതേ ഒരു സാഹചര്യം ഇവിടെയും ഉണ്ടാകണമെന്നും അതിഥികളായിട്ടുള്ള കാണികളെ മികച്ച രീതിയിൽ സ്വീകരിക്കണമെന്നും ആണ് ഇവാൻ വുകമനോവിച്ച് ഈ വിഷയത്തിൽ പ്രതികരിച്ചത്.