രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് അവരുടെ പരിശീലകനായ ജുവാൻ ഫെറാണ്ടോയെ പുറത്താക്കിയത്. പരസ്പര ധാരണയോടെയാണ് ഇരുവരും പിരിഞ്ഞത് എന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും സീസണിലെ തുടർ തോൽവികളാണ് ഫെറാണ്ടോയുടെ കസേര തെറിപ്പിച്ചത് എന്നത് വ്യക്തമാണ്. ഫെറാണ്ടോയെ പുറത്താക്കിയ നടപടിയോട് ബഗാൻ ആരാധകർക്ക് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്.
എന്നാൽ ഫെറാണ്ടോയെ പുറത്താക്കിയതല്ല അതിലും വലിയ ചർച്ചാ വിഷയമായിരിക്കുന്നത് ഫെർണാണ്ടോയ്ക്ക് പകരം ബഗാൻ താൽകാലികമായി പരിശീലക ചുമതലയേൽപ്പിച്ച ആന്റണിയോ ലോപസ് ഹബാസിനെ ചുറ്റിപറ്റിയാണ്. നേരത്തെ എടികെയുടെ പരിശീലകനായിരുന്നു ഹബാസ് ഫെറാണ്ടോയെ പുറത്താക്കുന്നതിന് മുമ്പ് ബഗാന്റെ സ്റ്റാഫ് ടീമിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.
ഹബാസ് ചർച്ചാ വിഷയമാവാനുള്ള പ്രധാന കാരണം ഹബാസിന്റെ ടാക്ടിക്സ് തന്നെയാണ്. നേരത്തെ എടികെ, പൂനെ സിറ്റി എന്നീ ടീമുകളെ പരിശീലിപ്പിച്ച ഹബാസിന്റെ കളി ശൈലി ഐഎസ്എൽ ആരാധകർക്ക് വ്യക്തമായി അറിയാവുന്നതാണ്.
ടീമിന് അനുകൂലമായ റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ ഹബാസിന് കഴിയാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ കളി ശൈലിയിൽ പലർക്കും വിയോജിപ്പുണ്ട്. ലോങ്ങ് ബോൾ ടാക്ടിക്സാണ് ഹബാസ് പിന്തുടരുന്ന രീതി.
ലോങ്ങ് ബോൾ ടാക്ടിക്സിൽ കളി തന്ത്രം മെനയുമ്പോൾ പലപ്പോഴും മധ്യനിര കളിക്കാർക്ക് ഹബാസിന്റെ ശൈലിയിൽ യാതൊരു പ്രസക്തിയും ഉണ്ടാവാറില്ല. സഹൽ അബ്ദുൽ സമദിനെ പോലെ, അനിരുധ് താപ്പയെ പോലെ മധ്യനിരയിൽ ക്രിയാത്മകമായി കളിക്കുന്ന താരങ്ങൾക്ക് ഹബാസിന്റെ കീഴിൽ പ്രസക്തി നഷ്ടപ്പെടും. ഇത് അവരുടെ കരിയറിനെ തന്നെ ബാധിച്ചേക്കും.
ഇത്തരത്തിലുള്ള ഹബാസിന്റെ കളി ശൈലിയും സഹലിന്റെയും താപ്പയുടെയും ഭാവിയുമൊക്കെയാണ് ഹബാസ് ചർച്ചാ വിഷയമാവാനുള്ള പ്രധാനകാരണം.