കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം റുയിവാ ഹോർമിപാമിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടിനോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇതിനോടകം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഐഎഫ്ടി ന്യൂസ് മീഡിയ തുടങ്ങിയ എക്സ് ഹാൻഡിലുകൾ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഹോർമി, ബിദ്യാസാഗർ, ബ്രയ്‌സ് മിറാണ്ട എന്നിവരെ വിൽക്കാൻ ശ്രമിക്കുന്ന റിപ്പോർട്ട് ചെയ്തത്.
ഇതിൽ ബിദ്യാസാഗർ, ബ്രയ്‌സ് മിറാണ്ട തുടങ്ങിയവരെ വിൽക്കുന്നതിനോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ വിയോജിപ്പ് ഇല്ലെങ്കിലും ഹോർമിയെ വിൽക്കാനുള്ള നീക്കം മണ്ടത്തരമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഹോർമിയെ വിറ്റാൽ ബ്ലാസ്റ്റേഴ്‌സിന് സെന്റർ ബാക്ക് പൊസിഷനിൽ ഒരു ബാക്ക്അപ്പ് ഇല്ലാതെ ആവുമെന്നും പ്രീതം കോട്ടാലിനെ മാത്രം ബ്ലാസ്റ്റേഴ്‌സിന് ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹത്തിന് പരിക്കേറ്റാൽ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ തിരിച്ചടിയാവുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉന്നയിക്കുന്ന ഈ കാര്യങ്ങളിൽ വസ്തുത ഉണ്ടായിരിക്കെ മാനേജ്‌മെന്റ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഹോർമിയെ വിൽക്കാൻ സാധ്യതയില്ല. പക്ഷെ, അടുത്ത സമ്മർ ട്രാൻസ്ഫറിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിറ്റേക്കും. കാരണം ബ്ലാസ്റ്റേഴ്‌സ് നിരയിൽ അവസരം കിട്ടാത്ത കഷ്ടപ്പെടുന്ന താരം തന്നെ തന്നെ വിറ്റഴിക്കാൻ ക്ലബ്ബിനോട് ആവശ്യപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
ഇത്തരത്തിൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് കൈമാറുകായാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് അതിന് പറ്റിയ ഒരു പകരക്കാരൻ കൂടിയുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ താരവും ഐ ലീഗ് ക്ലബ് ഇന്റർ കാശിയിലേക്ക് ലോൺ വ്യവസ്ഥയിൽ പോകുകയും ചെയ്ത മലയാളി താരം ബിജോയ് വർഗീസായിരിക്കും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലെ ഹോർമിയുടെ പകരക്കാരൻ. ബാക്ക്അപ്പ് സെന്റർ ബാക്കായി ബെഞ്ചിൽ ഇരുത്താൻ പറ്റിയ താരം കൂടിയാണ് ബിജോയ്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പ്രിയ താരം കൂടിയാണ് ബിജോയ്. നിലവിൽ മത്സര പരിചയത്തിന് വേണ്ടിയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്.