ഐഎസ്എൽ ക്ലബ്ബുകൾ പ്രധാനമായും തങ്ങളുടെ ടീമിനെ പരിശീലിപ്പിക്കാൻ വിദേശ പരിശീലകരെയാണ് കൊണ്ടുവരാറുള്ളത്. വിദേശ പരിശീലകർക്ക് മാത്രമേ ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നുള്ള ടീം മാനേജ്മെന്റുകളുടെ വിശ്വാസം കാരണമാണത്.
എന്നാൽ ഇക്കാര്യത്തിൽ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ഇത്തവണ ഹൈദരാബാദ് എഫ്സി. 2021-22 സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് അടുത്ത സീസണിൽ തങ്ങളുടെ പരിശീലകനായെത്തിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ പരിശീലകനായ താങ്ബോയി സിംഗ്ടോയെയാണ്.
സിങ്ടോയുമായി ഹൈദരാബാദ് എഫ്സി പ്രാരംഭ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം ഹൈദരാബാദ് എഫ് സി യുടെ പരിശീലകനായെത്തിയാൽ അടുത്ത സീസണിൽ ഐഎസ്എൽ ക്ലബ്ബുകളെ പരിശീലിപ്പിക്കുന്നവരിൽ ഏക ഇന്ത്യൻ പരിശീലകനാകും അദ്ദേഹം.2020 മുതൽ ഹൈദരാബാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടർ കൂടിയാണ് സിംഗ്ടോ.
സാധാരണഗതിയിൽ വിദേശ പരിശീലകരെ പുറത്താക്കുമ്പോഴോ അവർ രാജിവെക്കുമ്പോഴും മാത്രമാണ് ഇന്ത്യൻ പരിശീലകരെ താൽക്കാലിക പരിശീലകരായി ഐഎസ്എൽ ക്ലബ്ബുകൾ കൊണ്ടുവരാറുള്ളൂ. എന്നാൽ ഹൈദരാബാദ് അക്കാര്യത്തിൽ ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
എന്നാൽ ഐഎസ്എൽ ചരിത്രത്തിൽ ഇത് ആദ്യമായിട്ടല്ല ഒരു ഇന്ത്യൻ മുഖ്യപരിശീലകൻ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. 2021- 22 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ മുഖ്യപരിശീലകനായി ഇന്ത്യൻ പരിശീലകരിൽ പ്രമുഖനായ ഖാലിദ് ജമീലിനെ ചുമതല ഏൽപ്പിച്ചിരുന്നു.അതിന് മുമ്പുള്ള സീസണിൽ ഖാലിദ് ജമീലിന്റെ താൽക്കാലിക പരിശീലനത്തിൽ ടീം മികച്ച പ്രകടനം കാഴ്ച വച്ചതാണ് തൊട്ടടുത്ത സീസണിൽ ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൊണ്ടുവന്നത്. എന്നാൽ ആ സീസണിൽ അദ്ദേഹത്തിന് ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല.