ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ തങ്ങളുടെ ആദ്യ പരാജയം ഹോം ഗ്രൗണ്ടായ മറീന അറീനയിൽ വെച്ച് തന്നെ ഏറ്റുവാങ്ങി രണ്ട് തവണ ഐഎസ്എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സി. സീസണിലെ രണ്ടാം എവേ മത്സരത്തിലും മിന്നുന്ന വിജയം നേടിയത് എഫ്സി ഗോവയും.
12 മിനിറ്റ് ഇഞ്ചുറി ടൈം ഉൾപ്പടെ 102 മിനിറ്റ് നീണ്ട ആവേശകരമായ മത്സരത്തിൽ തുടക്കത്തിൽ തന്നെ ഗോൾ നേടിയ എഫ്സി ഗോവ മത്സരത്തിലുടനീളം ചെന്നൈയിൻ എഫ്സിയെ തന്ത്രപരമായി തളച്ചിടുകയായിരുന്നു. ഇതിനിടെ ചെന്നൈയിൻ എഫ്സിക്ക് നിരവധി തവണ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ മാത്രം തോമസ് ബ്രഡാറിക്കിന്റെ സംഘത്തിനായില്ല.
10മിനിറ്റിൽ റെടീം ലാങ്ങിന്റെ ഹെഡ്ഡർ ഗോളിലൂടെ ലീഡ് നേടിയ എഫ്സി ഗോവ തന്ത്രങ്ങൾ കൊണ്ട് ചെന്നൈയിൻ എഫ്സിയെ അവരുടെ മൈതാനത്തു വെച്ച് കീഴടക്കുകയായിരുന്നു. ലീഡ് നേടിയതിനു ശേഷം നിരവധി തവണ സമയം പാഴാക്കാനും കാർലോസ് പെനയുടെ കുട്ടികൾ മറന്നില്ല.
എന്നാൽ 12 മിനിറ്റ് ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ തന്നെ നിരവധി ശ്രമങ്ങൾക്കൊടുവിൽ എഫ്സി ഗോവൻ താരം നോഹ് ഗോവയുടെ രണ്ടാം ഗോൾ കൗണ്ടർ അറ്റാക്കിലൂടെ കൃത്യമായി വലയിലെത്തിച്ചു. തുടർന്നും ചെന്നൈയിൻ എഫ്സിക്ക് ഗോൾ നേടാനാവാതെ പോയതോടെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്സി ഗോവ വിലപ്പെട്ട മൂന്നു പോയന്റുകൾ നേടി.
നിലവിൽ 2 മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി എഫ്സി ഗോവയാണ് ലീഗ് പോയന്റ് ടേബിളിൽ ഒന്നാമത്, 3 മത്സരങ്ങളിൽ നിന്ന് 4 പോയന്റുമായി ചെന്നൈയിൻ എഫ്സി അഞ്ചാമതാണ്. നാളെ നടക്കുന്ന അടുത്ത ഐഎസ്എൽ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് മുൻ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിയെ നേരിടും.