കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളം വിടുമോ എന്ന ചോദ്യത്തെക്കാൾ പ്രസക്തം, കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നാട് കടത്തുമോ എന്നുള്ളതാണ്. കാരണം ഐഎസ്എല്ലിൽ മറ്റ് ടീമുകളൊന്നും നേരിടാത്ത പ്രതിസന്ധികളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. അതും സ്വന്തം നാട്ടിലെ ചില ഉദ്യോഗസ്ഥരാൽ.
കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ടീം ബസ്സിന്റെ ഫിറ്റ്നസ് എംവിഡി റദ്ധാക്കിയിരുന്നു. കൂടാതെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊച്ചി കോർപറേഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നോട്ടീസ് നൽകുകയും ചെയ്‍തിട്ടുണ്ട്.
ഇത്തരത്തിൽ കേരളത്തിലെ ഉദ്യോഗസ്ഥ വിഭാഗം കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തിൽ ഭാവത്തിൽ കേരളം വിട്ടാലോ എന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തിരുമാനമെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. കാരണം അത്രയ്ക്കും പ്രതിസന്ധികളാണ് ക്ലബ് ജന്മനാട്ടിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് മറ്റേതെങ്കിലും സംസഥാനത്തെ ക്ലബ് ആയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരുമായിരുന്നില്ല.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും അവിടുത്തെ ഭരണകൂടവും അവിടുത്തെ ഫുട്ബാൾ ക്ലബ്ബുകൾക്ക് നൽകുന്ന പിന്തുണ നമ്മുടെ നാട്ടിലുള്ള പലരും കണ്ട് പഠിക്കേണ്ടതുണ്ട്. ഇന്ന് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമൊക്കെ ഇന്ത്യൻ ഫുട്ബാളിൽ തലയുയർത്തി നിൽക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവിടുത്തെ മാറിമാറി വന്ന സർക്കാറുകൾ നൽകിയ പിന്തുണ കൂടിയുണ്ട്. ഇന്നും ബംഗാൾ ഫുട്ബാളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അവിടെ കൃത്യമായി ഇടപെടുന്ന ഒരു മുഖ്യമന്ത്രിയായി ബംഗാൾ മുഖ്യമന്ത്രിയായി മമ്ത ബാനർജിയെ കാണാം.
കേരളത്തിലെ ഭരണതലത്തിലുള്ളവർ അത്തരത്തിലൊന്നും ഇടപെട്ടിലെങ്കിലും കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബ് എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന് അൽപമെങ്കിലും പിന്തുണ നൽകാൻ കേരളത്തിലെ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന ആവശ്യം തന്നെയാണ് പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും പങ്ക് വെയ്ക്കുന്നത്.