ഇത്തവണയും പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ( kerala blasters ) ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ട് സീസണില്‍ പ്ലേ ഓഫിന് ടിക്കറ്റെടുത്തിരിക്കുകയാണ്. പ്ലേ ഓഫിൽ മിക്കവാറും എടികെ മോഹൻ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അതിനാൽ തന്നെ പ്ലേ ഓഫ് കടമ്പ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സ് നന്നേ പാടുപാടും. ഈ സീസൺ ഐഎസ്എൽ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ അടുത്ത സീസണിലേക്ക് ചില മുന്നൊരുക്കങ്ങൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്.
2021- 22 സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദേശതാരങ്ങളാണ് അൽവാരോ വാസ്‌കസും ( Álvaro Vázquez ) ജോർജേ പെറയ്റ ഡയസും ( Jorge Pereyra Díaz ). എന്നാൽ ഇരുവരെയും തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് നിലനിർത്താനായില്ല. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതൊരു പാഠമാണ്. ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടിയ ദിമിത്രി ഡയമന്തകോസിനെ( Dimitrios Diamantakos ) എത്രയും വേഗം നിലനിർത്താനുള്ള നീക്കമാണ് ഇനി ബ്ലാസ്റ്റേഴ്‌സ് നടത്തേണ്ടത്.
സീസണിലിത് വരെ 10 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് പോരാട്ടത്തിലുള്ള ഡയമന്തകോസിനെ അടുത്ത സീസണിൽ തങ്ങളുടെ ടീമിലെത്തിക്കാനായി ഏതെങ്കിലും ഒരു ടീം സമീപിച്ചാൽ അത് ബ്ലാസ്റ്റേഴ്സിന്റെ മാത്രം പിഴവായിരിക്കും. കാരണം തങ്ങളുടെ പക്കലുള്ള താരങ്ങളെ എത്രയും പെട്ടെന്ന് പുതിയ കരാറിൽ ഏർപ്പെടുത്തി അടുത്ത സീസണിലും അവരുടെ സേവനം ഉറപ്പാക്കിയില്ല എങ്കിൽ അൽവാരോയേയും ഡയസിനെയും നഷ്ടമായത് പോലെ ബ്ലാസ്റ്റേഴ്സിന് ഡയമന്തകോസിനേയും നമുക്ക് നഷ്ടമാവും.
ഡയമന്തകോസ് പോയാൽ പകരം മറ്റൊരു കിടിലൻ താരത്തെ കൊണ്ട് വരുമെന്ന് പലരും പറയുമെങ്കിലും പുതിയ താരങ്ങൾക്ക് ടീമുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമാണ്. ഈ സീസൺ തുടക്കത്തിൽ ഡയമന്തകോസിനും ടീമുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടി വന്നിരുന്നു. അതിനാൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നതിന് പറ്റി ചിന്തിക്കാതെ നിലവിലെ താരങ്ങളെ എത്രയും പെട്ടെന്ന് പുതിയ കരാറിൽ എത്തിക്കുന്നതാണ് മികച്ച നീക്കം.
ഒഡീഷ എഫ് സി അവരുടെ ക്യാപ്റ്റനായ കാര്‍ലോസ് ഡെല്‍ഗാഡൊയുമായി 2024 വരെ കരാര്‍ ദീര്‍ഘിപ്പിച്ചത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഈ സീസൺ പുരോഗമിക്കുമ്പോഴും അവർ അടുത്ത സീസണ് വേണ്ടിയുള്ള നീക്കങ്ങൾ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു എന്നത് ആ ക്ലബ്ബിന്റെ പ്രൊഫഷണലിസമാണ്. അത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഡയമന്തകോസിന്റെ കാര്യത്തിലും ചെയ്യേണ്ടത്.