ഒരു പിടി മികച്ച മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ടെങ്കിലും പൂർണമായും മലയാളി പ്രതിഭകളെ ടീമിലെത്തിക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന ഐഎസ്എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. മലയാളി താരങ്ങൾക്ക് വേണ്ടത്ര പരിഗണന കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകുന്നില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് മലയാളി ഫുട്ബാൾ താരം സകീർ മുണ്ടമ്പ്ര പറഞ്ഞതിൽ ഇപ്പോഴും അർദ്ധസത്യങ്ങളുണ്ട്.
പറഞ്ഞ് വരുന്നത് കഴിഞ്ഞ ഐ ലീഗ് സീസണിൽ മിന്നും പ്രകടനം നടത്തിയ മലയാളി താരം നൗഫലിനെ ഐഎസ്എൽ ചാമ്പ്യന്മാരയ മുംബൈ സിറ്റി എഫ്സി റാഞ്ചിയിരിക്കുകയാണ്. കഴിഞ്ഞ സീസൺ ഐ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന വിശേഷണമുണ്ടായിരുന്ന താരമാണ് നൗഫൽ.
കഴിഞ്ഞ സീസൺ ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ ഈ 23 കാരൻ 23 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളും 8 അസിസ്റ്റുമാണ് തന്റെ പേരിലാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായും ലെഫ്റ്റ് മിഡ്ഫീൽഡറായും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് നൗഫൽ.
കേരളത്തിൽ ഇത്രയും മികച്ച ഒരു താരമുണ്ടായിട്ടുണ്ടും ആ താരത്തെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയാണ്. ഒന്നല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവില്ല. അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളോട് താരം നോ പറഞ്ഞ് കാണും.
മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി തുടങ്ങിയ ക്ലബ്ബുകൾ ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ പ്രൊഫഷണലായി മുന്നോട്ട് പോകുന്ന ക്ലബ്ബുകളാണ്. അവർ താരങ്ങൾക്ക് നൽകുന്ന ടെക്നിക്കൽ സപ്പോർട്ടും പ്രൊഫഷണലിസവും ബ്ലാസ്റ്റേഴ്സിന് നൽകാൻ കഴിയാത്തതും മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും അകലം പാലിക്കാൻ കാരണമാവുന്നു.