കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയിലേക്ക് മാറിയപ്പോൾ തനിക്ക് ഇരുടീമുകളുടെയും കളിശൈലികളിലും മറ്റുമെല്ലാം അനുഭവപ്പെട്ടത് എന്താണെന്ന് വെളിപ്പെടുത്തി സ്പാനിഷ് താരം അൽവരോ വസ്കസ്.
സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് എഫ്‌സി ഗോവയിലേക്ക് മാറിയപ്പോൾ, രണ്ട് ടീമുകളും തന്ത്രപരമായും അവരുടെ കളിശൈലിയുടെ കാര്യത്തിലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൽവരോ വസ്കസ്.
“തന്ത്രപരമായി ഇരു ടീമുകളും തമ്മിൽ സമാനതകളുണ്ട്. ഉദാഹരണത്തിന്, ഇരു ടീമുകളും ആദ്യം മുതൽ തന്നെ പന്ത് ഉപയോഗിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നുവരാണ്.”
“എഫ്‌സി ഗോവയ്ക്ക് എല്ലായ്പ്പോഴും പന്ത് കൈവശം വെച്ച് കളിക്കുന്നതിൽ ശക്തമായ ശൈലിയുണ്ട്. എന്തായാലും ഞങ്ങൾ വരുന്ന സീസണിൽ മുന്നേറ്റനിരയിൽ കൂടുതൽ ആക്രമണാത്മകമായിരിക്കാൻ ശ്രമിക്കും.” – അൽവരോ വസ്കസ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഐഎസ്എലിൽ അരങ്ങേറ്റം കുറിച്ച സ്പാനിഷ് ഫോർവേഡ് അൽവരോ വസ്കസ് സീസൺ അവസാനിച്ചതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം സമ്മാനിച്ച് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് ചേക്കേറിയത്.