ഈസ്റ്റ് ബംഗാളിനെതിരായ ഹോം മത്സരത്തിൽ തകർപ്പൻ വിജയം നേടിയ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും സ്റ്റാഫുകളും. അഡ്രിയാൻ ലൂണയും ഇവാൻ കലിയൂഷ്നിയും നേടുന്ന ഗോലുകളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.
മത്സരം കഴിഞ്ഞുള്ള പത്രസമ്മേളനത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമാനോവിചിനോട് കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച പുതിയ താരങ്ങളെ, പ്രത്യേകിച്ച് മുന്നേറ്റനിരക്കാരുടെ പ്രകടനത്തിൽ സന്തുഷ്ടനാണോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി വളരെ പോസിറ്റീവായിരുന്നു.
പുതിയ താരങ്ങളുടെ കാര്യത്തിൽ സന്തുഷ്ടരാണെന്നും കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആരാധകർ തീർത്ത മനോഹരമായ അന്തരീക്ഷം പല വിദേശ താരങ്ങളും ഇതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒന്നുതന്നെയാണെന്നും ഇവാൻ ആശാൻ പറഞ്ഞു.
“പുതിയ മുന്നേറ്റനിര താരങ്ങളുടെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇന്നത്തെ മത്സരത്തിലുണ്ടായ സ്റ്റേഡിയത്തിലെ ഇത്തരം അന്തരീക്ഷം പല വിദേശ താരങ്ങളും അവരുടെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു.”
“അവരുടെ ഗുണനിലവാരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾ ആഗ്രഹിക്കുന്ന കൃത്യമായ പ്രൊഫൈലുകൾ തന്നെയാണ് അവർക്കുള്ളത്. പ്രത്യേകിച്ചും ഈ വർഷം സൈൻ ചെയ്ത ഇവാൻ കലിയൂഷ്നിയുടെ കാര്യത്തിൽ, ഇതുപോലെയൊരു താരം കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഇല്ലായിരുന്നു.”
“ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ നമ്മുടെ കഴിവ് പരമാവധി പുറത്തെടുക്കണം. എല്ലാ ആരാധകരും സന്തുഷ്ടരാണെന്ന് ഞാൻ കരുതുന്നു, നമ്മളിൽ പലരും ഇന്ന് രാത്രി ഉറങ്ങുകയില്ല. കാരണം ഇതെല്ലാം കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനമുണ്ട്.” – ഇവാൻ ആശാൻ പറഞ്ഞു.