കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മുന്നേറ്റനിര താരങ്ങളായ അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവർ ക്ലബ്ബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാകുമോ? പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഐഎസ്എൽ സീസണിന് മുൻപായി ഉയർത്തിയ സംശയങ്ങളിൽ പ്രധാനപ്പെട്ടതാണിത്.
എന്നാൽ ഈ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമാനോവിചിനു ഇത് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല, കളിക്കാർ ടീമിൽ വന്നുപോകുന്നത് സർവ്വസാധാരണമാണെന്നും, പോസിറ്റീവ് മൈൻഡ്സെറ്റോട് കൂടി മുന്നോട്ടു പോകണമെന്നാണ് ഇവാൻ പറഞ്ഞത്.
“കളിക്കാര്‍ ടീമിലേക്ക് വരുന്നതും പോകുന്നതും ലോക ഫുട്‌ബോളില്‍ സാധാരണമാണ്. കഴിഞ്ഞ സീസണില്‍ അഡ്രിയാന്‍ ലൂണ അടക്കമുള്ളവര്‍ വന്നപ്പോള്‍ അവരെ കുറിച്ച് പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഈ സീസണിലും പുതിയ കളിക്കാര്‍ എത്തിയിട്ടുണ്ട്.”
“ചിലര്‍ ടീമിന് പുറത്ത് പോയിട്ടുണ്ട്. ഇതെല്ലാം ഒരു ക്ലബ്ബില്‍ സര്‍വസാധാരണമാണ്. ഇതിനെ എല്ലാം പോസിറ്റീവായി എടുത്ത്, കളിക്കാരുടെ മികവ് പുറത്തെടുക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് ആവശ്യം. ഈ സീസണില്‍ എത്തിയവര്‍ മികച്ച താരങ്ങളാണ്, ഒപ്പം നല്ല വ്യക്തികളുമാണ്.” – ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.