ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിടിലൻ വിദേശ താരത്തെ ചെന്നെയിൻ സിറ്റി എഫ്സി സ്വന്തമാക്കിയതായി വാർത്ത.
നെതർലാൻഡ്‌സിൽ നിന്നുള്ള നാസർ അൽ കയാതിയെയാണ് ചെന്നെയിൻ സിറ്റി സ്വന്തമാക്കിയതായി വാർത്തകൾ വരുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരത്തെ മറീന മച്ചാൻസ് തട്ടകത്തിലെത്തിക്കുന്നത്.
വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിവുള്ള 33 വയസുകാരൻ നെതർലാൻഡ്‌സിലെ ടിൽബർഗ് ആസ്ഥാനമായുള്ള ഡച്ച് ഫുട്ബോൾ ക്ലബ്ബായ വില്ലെം സെക്കന്റിന് വേണ്ടിയാണ് അവസാന സീസണിൽ കളിച്ചത്.
4 ക്ലബ്ബുകളുടെ അക്കാദമിയിലൂടെ യൂത്ത് കരിയർ വളർത്തിയ താരം സീനിയർ കരിയറിൽ നിരവധി ക്ലബ്ബുകൾക്കായി കുപ്പായമണിഞ്ഞിട്ടുണ്ട്, നാസർ അൽ കയാതി കൂടുതൽ തവണയും ബൂട്ട് കെട്ടിയത് തന്റെ നാട്ടിലെ ക്ലബ്ബുകൾക്ക് വേണ്ടിയായിരുന്നു, ഇതാദ്യമായാണ് താരം ഒരു ഇന്ത്യൻ ക്ലബ്ബിലേക്ക് എത്തുന്നത്.
അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ചെന്നെയിൻ സിറ്റി എഫ്സിയുടെ ടീമിലേക്കുള്ള ഏഴാമത്തെ വിദേശ താരമാണ് നാസർ അൽ കയതി. നാസർ അൽ കയാതിയെ സീസണിലേക്കുള്ള ടീമിൽ രജിസ്റ്റർ ചെയ്ത് ഉൾപ്പടുത്തണമെങ്കിൽ ചെന്നെയിൻ സിറ്റിയിൽ നിന്നുമൊരു വിദേശ താരം പുറത്തുപോകണമെന്നത് വ്യക്തമാണ്.
നിലവിൽ പരിക്ക് ബാധിച്ച് കുറച്ചു നാളുകളായി പുറത്തിരിക്കുന്ന നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ടോപ് സ്കോററായ റാഫെൽ ക്രിവല്ലാരോ ക്ലബ്ബ് വിട്ടേക്കുമെന്ന് റൂമറുകൾ ഉണ്ടെങ്കിലും ചെന്നെയിൻ സിറ്റിയിൽ നിന്നും ഏത് വിദേശ താരമാണ് ക്ലബ്ബ് വിടുന്നതെന്ന് വരും ദിവസങ്ങളിൽ നമുക്ക് അറിയാൻ കഴിയും.