കേരളാ ബ്ലാസ്റ്റേഴ്സിന്റെ കന്നി കിരീടമെന്ന ആഗ്രഹം ഈ സീസണിലും അവസാനിച്ചിരിക്കുകയാണ്. പ്ലേ ഓഫിൽ ബംഗളുരു എഫ്സിയ്ക്കെതിരെ പിറന്ന വിവാദ ഗോളും തുടർന്നുള്ള സംഭവങ്ങളും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രതീക്ഷകൾ അവസാനിപ്പിച്ചിരിക്കുകയാണ്. പ്ലേ ഓഫിലെ എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ കളം വിടുകയായിരുന്നു.
പരിശീലകൻ ഇവാൻ വുകമനോവിച്ച് കളിക്കാരോട് തിരികെ വരൻ ആവശ്യപ്പെട്ടതോടെ കളിക്കാർ മൈതാനം വിടുകയായിരുന്നു. പിന്നീട് മത്സരം പുനഃരാരംഭിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ ക്ഷണിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെ മത്സരം ബെംഗളൂരു എഫ്സി വിജയിച്ചതായി മാച്ച് കമ്മീഷണർ പ്രഖ്യാപിക്കുകയായിരുന്നു.
ഐഎസ്എല്ലിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച തിരിച്ചടി മായ്ക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന സൂപ്പർ കപ്പിൽ സീനിയർ ടീമിനെ തന്നെ കളത്തിലിറക്കി ഐഎസ്എല്ലിലെ മുറിവുണക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമായിരിക്കും മത്സരിക്കുക എന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ സീനിയർ ടീമിനെ തന്നെ കളത്തിലിറക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ. സൂപ്പർ കപ്പ് ആരംഭിക്കുന്നതിന് മുമ്പായി വിദേശതാരങ്ങൾ നാട്ടിലേക്ക് പോയി മടങ്ങും.
ഐഎസ്എല്ലിൽ റഫറി മൂലമുണ്ടായ തിരിച്ചടിക്ക് സ്വന്തം നാട്ടിൽ നടക്കുന്ന സൂപ്പർ കപ്പിലൂടെ പ്രതികാരം വീട്ടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കൊച്ചി, മഞ്ചേരി,കോഴിക്കോട് എന്നിവിടങ്ങളിലായാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക.