കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഐഎഫ്ടി ന്യൂസ് മീഡിയയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവാൻ ആശാന് യൂറോപ്പിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ടെന്നും അതിനാൽ പരിശീലകൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നും പുതിയ പരിശീലകനായി രണ്ട് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടു എന്ന റിപ്പോർട്ടാണ് ഐഎഫ്ടി ന്യൂസ് പുറത്ത് വിട്ടത്.
എന്നാൽ ഈ വാർത്തയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ ഇവാൻ ആശാൻ ക്ലബ് വിടാൻ ഒരുങ്ങുന്നത് യൂറോപ്പിൽ നിന്ന് ഓഫർ വന്നത് കൊണ്ട് മാത്രമല്ല എന്ന് മനസിലാക്കാൻ സാധിക്കും. സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിൽ ഇവാൻ ആശാൻ അതൃപ്തനാണ്. എഫ്സി ഗോവയുമായി നടന്ന മത്സരത്തിന്റെ ഇടവേളയിൽ ആശാൻ താൻ ക്ലബ് വിടുമെന്നതിന്റെ സൂചന ചില താരങ്ങൾക്ക് നൽകിയിരുന്നു.
കൂടാതെ ബംഗളുരു എഫ്സിയുമായി നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയ സംഭവത്തിൽ അന്താരാഷ്ട്ര സ്പോർട്സ് കോടതി ബ്ലാസ്റ്റേഴ്സിനെതിരെയുള്ള നടപടി ശെരി വെയ്ക്കുകയും ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫ് വിധിച്ച 4 കോടി രൂപ ഉടൻ പിഴ അടയ്ക്കണമെന്നും വിധിച്ചിരുന്നു. ഇത്തരത്തിൽ ക്ലബിന് നേരെയുള്ള ശിക്ഷയിൽ ആശാന് കുറ്റബോധമുണ്ട്. നേരത്തെ, ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ സീസണ് മുന്നോടിയായി ആശാൻ തന്റെ പ്രതിഫലം കുറച്ചിരുന്നു.
ക്ലബ്ബിന്റെ മോശം പ്രകടനത്തിലും അന്താരാഷ്ട്ര കോടതിയിൽ ബ്ലാസ്റ്റേഴ്സിനേറ്റ തിരിച്ചടിയുമാണ് ആശാന്റെ മനസ്സ് വേദനിപ്പിച്ചത്. ഇതാണ് ക്ലബിനോട് താൻ സീസൺ അവസാനത്തോടെ വിടപറയുമെന്ന് ആശാൻ അറിയിച്ചത്.
എന്നാൽ ആശാന്റെ വാക്ക് ക്ലബ് ഇത് വരെ സ്വീകരിക്കുകയോ, ആശാന് ക്ലബ് വിടാനുള്ള മൗനാനുവാദമോ ക്ലബ് ഇത് വരെ കൊടുത്തിട്ടില്ല. ഒരു മുൻ കരുതൽ എന്നനിലയിലാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് മറ്റു പരിശീലകരെ നോട്ടമിട്ടിരിക്കുന്നത്.