കഴിഞ്ഞദിവസം ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കേട്ട വാർത്തയാണ് ലാലിഗ- ഇന്ത്യ റീജിയണൽ മാനേജിംഗ് ഡയറക്ടർ ജോസേ ആന്റണിയോ കച്ചാസയുടെ വാക്കുകൾ. രണ്ട് ലാലിഗ ക്ലബ്ബുകൾ ഐഎസ്എൽ ടീമുകളെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ള വിവരമാണ് കച്ചാസ പുറത്തുവിട്ടത്.
സ്പോർട്സ് കിഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കച്ചാസ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഏത് ലാലിഗ ക്ലബ്ബുകളാണ് ഏത് ഐഎസ്എൽ ടീമുകളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്ന കാര്യം കച്ചാസ വ്യക്തമാക്കിയിട്ടില്ല.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ലാലിഗ ക്ലബ്ബുകൾ ഐഎസ്എൽ ടീമുകളെ സ്വന്തമാക്കാൻ ഗൗരവകരമായ ചർച്ചകൾ നടത്തുന്നു എന്നാണ് കച്ചാസ പറഞ്ഞത്. കച്ചാസയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ പല അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. ലാലിഗ ക്ലബ്ബുകൾ ലക്ഷ്യമിടുന്നത് കേരള ബ്ലാസ്റ്റേഴ്സിനെ ആണോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്കും പ്രസക്തിയുണ്ട്. കാരണം ഐ എസ് എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ബ്ലാസ്റ്റേഴ്സിന് വലിയ ജന പിന്തുണയുണ്ട്. അതിനാൽ ഇന്ത്യൻ മാർക്കറ്റിൽ വലിയ പദ്ധതിയുമായി ഇറങ്ങുന്ന ലാലിഗ ക്ലബ്ബുകൾക്ക് ആദ്യം കണ്ണിൽ പതിയുക കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരിക്കും.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്താൻ ഗൾഫ് രാജ്യത്തെ ഒരു വമ്പൻ ക്ലബ്ബിന് താല്പര്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജനപിന്തുണ തന്നെയാണ് ഗൾഫ് ക്ലബ്ബ് അടക്കം ബ്ലാസ്റ്റേഴ്സിൽ താൽപര്യം പ്രകടിപ്പിച്ചത്. ആ സാഹചര്യത്തിൽ ലാലിഗ ക്ലബ്ബുകളും നോട്ടമിടുക കേരള ബ്ലാസ്റ്റേഴ്സിന് തന്നെയായിരിക്കും. കാര്യങ്ങൾ ഇങ്ങനെ നടക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തലവര തന്നെ മാറിമറിയും.