കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ട്രാവലിങ് ബസിനെ സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് കേരള മോട്ടോർ വാഹന വകുപ്പ് നൽകിയതായി വാർത്ത. ഇന്ന് വൈകുന്നേരത്തോടെയാണ് ആരാധകരെ നിരാശരാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
നാളെ നടക്കാനിരിക്കുന്ന എ ടി കെ മോഹൻ ബഗാനുമായുള്ള മത്സരത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം പരിശീലനത്തിനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസ്, പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിന്റെ സമീപമാണ് പാർക് ചെയ്‌തിരുന്നത്.
എന്നാൽ കുറച്ചു കഴിഞ്ഞതോടെ കേരള മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ എത്തുകയായിരുന്നു. നിലവിൽ ഹൈകോടതി വിധി പ്രകാരം ട്രാൻസ്‌പോർട് വാഹനങ്ങളിൽ പരസ്യം തുടങ്ങിയവയൊന്നും പതിക്കാൻ പാടില്ല എന്നതിനാൽ തന്നെ ഗംഭീരമായി സ്റ്റിക്കർ വർക്കുകൾ ചെയ്ത് പുതിയ ഐഎസ്എൽ സീസണിനൊരുങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീം സഞ്ചരിക്കുന്ന ബസിന്റെ ഉടമകളോട് തിങ്കളാഴ്ച ആർടിഒ ഓഫിസിൽ ഹാജരാകാൻ പറഞ്ഞിരിക്കുകയാണ് ഉദ്ദ്യോഗസ്ഥർ.
ഈയിടെ നടന്ന ബസ് അപകടങ്ങൾ കാരണം അൽപ്പം ദിവസങ്ങൾക്ക് മുൻപ് ഹൈകോടതി പുറപ്പെടുവിച്ച വിധി പ്രകാരമാണ് ട്രാൻപോർട്ട് വാഹനങ്ങളിൽ ഇത്തരം വർക്കുകൾ നിയമവിരുദ്ധമാക്കിയത്. ഈയിടെ പുറപ്പെടുവിച്ച ഹൈകോടതി വിധി കയ്യിൽ ലഭിക്കാത്തതിനാൽ ഇപ്പോൾ നടപടികൾ എടുക്കുന്നില്ലെന്ന് പറഞ്ഞ ആർടിഒ ഉദ്യോഗസ്ഥൻ, ബസ് ഉടമയോട് തിങ്കളാഴ്ച ആർടിഒ ഓഫിസിൽ ഹാജരാകാൻ മാത്രമാണ് പറഞ്ഞിട്ടുളളതെന്നും പറഞ്ഞു.
എന്തായാലും നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിന് വേണ്ടി നിരവധി ആരാധകരാണ് ഒഴുകിയെത്തുന്നത്. ഇതിനകം തന്നെ സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായതും ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ പ്രചോദനം നൽകുന്നതാണ്.