ലീഗ് ഘട്ടത്തിൽ 3 മത്സരങ്ങൾ ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. അതിനാൽ അവസാനം കളിച്ച 3 മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിന് മുമ്പുള്ള തയാറെടുപ്പ് മാത്രമായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും രണ്ടാം നിര ടീമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങിയത്.
സീസണിലെ അവസാന രണ്ട് മത്സരങ്ങൾക്ക് മുമ്പ് പ്ലേ ഓഫിലേക്കുള്ള പ്ലാൻ ബിയെ പറ്റി ആശാൻ വ്യകത്മാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുമെന്ന് ആശാൻ നേരത്തെ വ്യക്തമാക്കിയതാണ്. അവസരം ലഭിക്കാത്ത താരങ്ങൾക്ക് അവസരം നൽകാനും അവർ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയാണ് എങ്കിൽ അവർക്ക് പ്ലേ ഓഫിൽ അവസരം നല്കാനുമായിരുന്നു ആശാന്റെ പ്ലാൻ.
എന്നാൽ ഈ പ്ലാനിൽ ആശാൻ വിജയിച്ചിരിക്കുകയാണ്. ഗോൾ കീപ്പർ ലാറ ശർമ്മ, സൗരവ് മൊണ്ടാൽ എന്നിവർ കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അതിനാൽ പ്ലേ ഓഫ് ടീമിൽ ഇരുവരും ഇടം പിടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഗോൾ കീപ്പർ കരഞ്ജിത്തിന്റേയും മലയാളി താരം രാഹുൽ കെപിയുടെയും മോശം പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുമ്പോഴാണ് ലാറ ശർമയും സൗരവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
കൂടാതെ കഴിഞ്ഞ മത്സരത്തിൽ ഹോർമിപാം റൈറ്റ് ബാക്കായാണ് ഇറങ്ങിയത്. ഈ പൊസിഷനിൽ താരം മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. അതിനാൽ പ്ലേ ഓഫിൽ ഹോർമി റൈറ്റ് ബാക്കായി കളിക്കാനുള്ള സാധ്യതയുമുണ്ട്.
പല പൊസിഷനുകളും ബ്ലാസ്റ്റേഴ്സിന് തലവേദനയ്ക്കുന്ന സമയത്താണ് ആശാന്റെ പ്ലാൻ ബിയിൽ ഹോർമിയും ലാറയും സൗരവും മികച്ച പ്രകടനം നടത്തുന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.