ഹൈദരാബാദിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടം പൂർത്തിയാക്കി പ്ലേ ഓഫിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഒഡീഷ എഫ്സി യാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടിലാണ് ഈ പ്ലേ ഓഫ് പോരാട്ടം.
എന്നാൽ പ്ലേ ഓഫിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ഒഡീഷയെ മൈൻഡ് ഗെമിലൂടെ ട്രാപ്പിലാക്കിയോ എന്ന സംശയം ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയാണ്. അതിനുള്ള കാരണം കഴിഞ്ഞ ദിവസം ഹൈദരാബിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് ഇന്റർവ്യൂവിൽ ആശാൻ പറഞ്ഞ കാര്യങ്ങളാണ്.
ഇന്നലെ മല്സരം കഴിഞ്ഞ് പ്ലേ ഓഫിനെ പറ്റിയുള്ള ചോദ്യങ്ങൾക്കും ലൂണയുടെയും ദിമിയുടെയും അപ്‌ഡേറ്റിനെ പറ്റിയും ചോദിച്ചപ്പോൾ ആശാൻ പറഞ്ഞത് ലൂണയും ദിമിയും പ്ലേ ഓഫിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. ഇരുവരും റിക്കവറി പിരീഡിലാണ് എന്നാണ് ആശാൻ നൽകിയ ഉത്തരം.
എന്നാൽ ഈ ഉത്തരം എതിരാളികളെ മാനസികമായി ട്രാപ്പിലാക്കാനുള്ള ആശാന്റെ നീക്കമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചില ആരാധകർ പങ്ക് വെയ്ക്കുന്നത്. ലൂണയും ദിമിയും ഉണ്ടാവില്ല എന്ന ഉത്തരം നൽകി എതിരാളികളെ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ദുര്ബലരാണ് എന്ന് വരുത്തി തീർക്കാനും അതനുസരിച്ച് അവർ പദ്ധതി തയാറാക്കാനും വേണ്ടിയാണ് ആശാൻ ഇത്തരത്തിലൊരു നുണ പറഞ്ഞത്തെന്നാണ് ആരാധകരിൽ ചിലരുടെ വാദം.
ലൂണ പ്ലേ ഓഫിന് ഫിറ്റാണെന്നും എന്നാൽ ഇക്കാര്യം മറച്ച് വെച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എതിരാളികളെ ട്രാപ്പിലാക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെടുമ്പോഴും ആശാൻ പറഞ്ഞത് സത്യമാണോ അതോ ട്രാപ്പ് ആണോ എന്നത് പ്ലേ ഓഫ് മത്സരത്തിലെ അറിയാൻ സാധിക്കൂ..