അവസാന മത്സരത്തിൽ എഫ്സി ഗോവയ്‌ക്കെതിരെ മികച്ച തിരിച്ച് വരവ് നടത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അത്ര ഹാപ്പിയല്ല. കാരണം ടീമിലെ ചില പിഴവുകൾ തന്നെയാണ്.
ഗോവയ്‌ക്കെതിരായ മത്സരശേഷം ഇവാൻ തന്റെ അതൃപ്തി തുറന്ന് പറയുകയും ചെയ്തിരുന്നു. ടീമിന്റെ പ്രതിരോധനിരയാണ് ഇവാന്റെ അതൃപ്തിയ്ക്ക് കാരണം. ഗോവയ്‌ക്കെതിരെ ആദ്യ 20 മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു.
ഡിഫൻസിലെ പ്രശ്‍നങ്ങൾ തന്നെ രോഷാകുലനാക്കുന്നുവെന്നും ഇന്നലെ വഴങ്ങിയ ഗോളുകൾ വ്യക്തികൾ വരുത്തിയ പിഴവാണെന്നും ആശാൻ പറഞ്ഞു. ശ്രദ്ധകുറവുകൾ മൂലമാണ് ഇത്തരം ഗോളുകൾ വഴങ്ങേണ്ടി വരുന്നതെന്നും ഐഎസ്എൽ പോലുള്ള വലിയ വേദികളിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും ഇവാൻ ഓർമിപ്പിച്ചു.
ഗോവയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഗോവയുടെ ആദ്യ ഗോൾ വരുന്നത് മാൻ മാർക്കിങ് ചെയ്യേണ്ട താരം എതിർ താരത്തെ മാർക്ക് ചെയ്യാത്തത് കൊണ്ടാന്നെനും ഇവാൻ പറഞ്ഞു. ഡിഫൻസീവ് താരങ്ങൾ അവരുടെ ജോലി കൃത്യമായി ചെയ്യാത്തത് തന്നെ ദേഷ്യം പിടിപ്പിക്കുന്നുവെന്നും ആശാൻ കൂട്ടിച്ചേർത്തു.
അതെ സമയം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മാർച്ച് രണ്ടിന് ബെംഗളൂരുവുമായാണ്. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് കിരീടവും പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്.