ഐഎസ്എല്ലിലെ നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ ആരാധകരുടെ ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ ഗോളടി മിഷൻ ദിമിത്രി ഡയമന്തക്കോസ് പ്ലേ ഓഫിൽ കളിക്കുമോ എന്നുള്ളത്.
നേരത്തെ ഇവാൻ ആശാൻ പറഞ്ഞത് ദിമിയുടെ കാര്യത്തിൽ സംശയമാണ് എന്നാണ്. എന്നാലിപ്പോൾ പ്ലേ ഓഫ് മത്സരത്തിനായുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ദിമി ഉൾപ്പെട്ടു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. താരം ടീമിനൊപ്പം ഒഡീഷയിലേക്ക് പുറപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌ക്വാഡിൽ ഉൾപ്പെട്ടു എങ്കിലും ദിമി ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. ബെഞ്ചിൽ നിന്നും താരം സ്റ്റാർട്ട് ചെയ്യുമോ എന്ന കാര്യവും ഉറപ്പിക്കാറായിട്ടില്ല, സാധാരണ ഗതിയിൽ മാച്ച് ഫിറ്റ്നസ് ഉള്ള താരങ്ങളെയാണ് ടീമിനൊപ്പം ക്ലബ് ട്രാവൽ ചെയ്യാൻ അനുവദിക്കുകയും സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്യാറുള്ളത്.
ഒഡീഷയ്ക്കതിരായ മത്സരത്തിന്റെ സ്‌ക്വാഡിൽ ദിമിയുണ്ടെങ്കിലും താരം കളിക്കുമോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. ഇക്കാര്യത്തിൽ തിരുമാനമെടുക്കേണ്ടതും വ്യക്തത വരുത്തേണ്ടതും ഇവാൻ ആശാനാണ്.
അതെ സമയം പരിക്കേറ്റ നായകൻ അഡ്രിയാൻ ലൂണ നാളെ കളിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ലൂണയ്ക്കൊപ്പം ദിമി കൂടിയെത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകൾ വീണ്ടും സജീവമാകും.