ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ. ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ ടീമിൽ നിന്നും ഒഴിവാക്കാനുള്ള താരങ്ങളെ ഒഴിവാക്കുകയ പുതിയ താരങ്ങളെ സൈൻ ചെയ്ത് ടീമിലെത്തിക്കുകയും ചെയ്യാനാണ് നിലവിൽ ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രമം.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ അവസാനിച്ച നിരവധി താരങ്ങൾ ഇതിനകം ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോട് വിട പറഞ്ഞ് പോയിട്ടുണ്ട്. കരാറിലുള്ള ചില സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
നിഷു കുമാർ, ഹോർമിപാം തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഐഎസ്എൽ ഗോൾഡൻ ഗ്ലോവ് ജേതാവായ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിനെ വിൽക്കാനൊരുങ്ങുകയാണ്. 22 വയസുകാരനായ ഗിലിനെ കേരള ബ്ലാസ്റ്റേഴ്‌സ് ചില ഐഎസ്എൽ ക്ലബ്ബുകൾക്ക് മുന്നിലേക്ക് ഓഫർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ പ്രഭ്ശുകൻ ഗിലിനെ സ്വന്തമാക്കാൻ മുന്നിലുണ്ട്. ഈ യുവ ഗോൾകീപ്പർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നല്ലൊരു സംഖ്യ ട്രാൻസ്ഫർ ഫീയായി ആവശ്യപ്പെടും. ഈസ്റ്റ് ബംഗാളിനെ കൂടാതെ വേറെയും ചില ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്
2020-ൽ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലേക്ക് കൊണ്ടുവന്ന പ്രഭ്ശുകൻ ഗിൽ ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിച്ച ആദ്യ ഐഎസ്എൽ സീസണിൽ തന്നെ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് നേടിയിരുന്നു. പ്രഭ്ശുകൻ ഗിൽ ടീം വിടുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായി ഇനി സച്ചിൻ സുരേഷ് മുന്നോട്ട് വരും.