കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. പുതിയ സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ എഴിന് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ഈസ്റ്റ് ബാംഗളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
ഉദ്ഘാടനമത്സരത്തിന് ഒരുങ്ങും മുമ്പേ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരമായ ഇവാൻ കലിയുഷ്നിയെ പറ്റി സംസാരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ പുതിയൊരു ആയുധമാണ് ഇവാൻ കലിയുഷ്നിയെന്നും അദ്ദേഹത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദി വീക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
കഴിഞ്ഞ സീസണിൽ ഒരു വിദേശ താരം ഇല്ലാതെയാണ് ഞങ്ങളുടെ സെൻട്രൽ മിഡ്‌ഫീൽഡ് കളിച്ചത്. കഴിഞ്ഞ സീസണിൽ ജീക്സനും പൂട്ടിയയും ആ റോൾ നന്നായി ചെയ്തു. എന്നാൽ ഇത്തവണ അതിലേക്ക് കലിയുഷ്നി കൂടി എത്തുന്നതോടെ മധ്യനിര കൂടുതൽ ശക്തമാവുമെന്ന പ്രതീക്ഷയാണ് ആശാൻ പ്രകടിപ്പിച്ചത്.
അതെ സമയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇത്തവണ ഏറെ പ്രതീക്ഷവെയ്ക്കുന്ന താരമാണ് ഉക്രൈനിൽ നിന്നുമെത്തിയ കലിയുഷ്നി. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നേരത്തെയും പല അഭിമുഖങ്ങളിലും കലിയുഷ്നിയെ പ്രതിപാദിച്ചതും തരത്തിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കാൻ കാരണമായി.