നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ എല്ലാം ഇന്റർനാഷണൽ ബ്രേക്കിന്റെ അവധിയിലാണ്. ദേശീയ തലത്തിലുള്ള മത്സരങ്ങൾ അരങ്ങേറുന്നതിനാൽ ഈ മാസം കഴിയുന്നതോടെ ആയിരിക്കും ഐഎസ്എൽ മത്സരങ്ങൾ പുനരാരംഭിക്കുക.
അതേസമയം ഇന്ന് നടന്ന സൗഹൃദ മത്സരങ്ങളിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ ദേശീയ ടീം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സ്വീഡനെ തോൽപിച്ചു. മറ്റൊരു സൗഹൃദ മത്സരത്തിൽ വെനിസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി പരാജയപ്പെടുത്തി.
ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സൗദി അറേബ്യയിലെ സ്റ്റേഡിയത്തിൽ വച്ച് അഫ്ഗാനിസ്ഥാനെ നേരിട്ട ഇന്ത്യൻ ടീം ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ഇതോടെ ഒമ്പത് പോയന്റുള്ള ഖത്തറിന് പിന്നിൽ ഗ്രൂപ്പിൽ നാല് പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
യൂറോപ്പിൽ വച്ച് നടന്ന നാഷൻസ് ലീഗിന്റെ ഗ്രൂപ്പ് മത്സരത്തിൽ ജിബ്രാൾടറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ലിത്വനിയ ദേശീയ ടീം വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സ് താരമായ ഫെഡോർ സെർനിച്ചാണ് ടീമിനെ നായകനായി നയിച്ചത്. മത്സരത്തിൽ പിറന്ന ഗോളിന്റെ അസിസ്റ്റിനു പിന്നിൽ വഴിയൊരുക്കിയത് ഫെഡോർ ആണ്.