കേരള ബ്ലാസ്റ്റേഴ്സിന്റെയും ചെന്നൈയിൻ എഫ്സിയുടെയും ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിന് ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കിക്കോഫ് കുറിക്കുകയാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മണിക്കാണ് സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടം അരങ്ങേറുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് മുന്നറിയിപ്പ് നൽകി രംഗത്തുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും നിലവിൽ ചെന്നൈയിൻ എഫ്സിയുടെ താരവുമായ വിൻസി ബാരറ്റോ. കേരള ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പകരമായി ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ സ്കോർ ചെയ്താൽ അത് നന്നായി ആഘോഷിക്കുമെന്ന് മുന്നറിയിപ്പാണ് താരം നൽകിയത്.
“അവസാന വർഷം കേരള ബ്ലാസ്റ്റേഴ്സ് എന്നോട് എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടതാണ്, ഒരു കാരണവുമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ ഞാൻ നന്നായി ആഘോഷിക്കും.” – കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് ചെന്നൈയിൻ താരം വിൻസി ബാരറ്റോ പറഞ്ഞു.
വിൻസി ബാരറ്റോയുടെ ഈ പ്രസ്താവനക്ക് പിന്തുണ നൽകി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും നിലവിൽ മുംബൈ സിറ്റി താരവുമായ പെരേര ഡയസ്. ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ ആഘോഷിക്കുമെന്ന വിൻസിയുടെ പ്രസ്താവനക്ക് ‘വളരെ മികച്ചത് എന്റെ സുഹൃത്തേ’ എന്ന കമന്റ് ആണ് അർജന്റീനിയൻ താരം പെരേര ഡയസ് നൽകിയത്.