ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ എഫ്സി പഞ്ചാബിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകോമനോവിച് ഏറെ നിരാശയാണ് പ്രകടിപ്പിച്ചത്.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകളിൽ നിരാശ പ്രകടമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ വന്നതിനുശേഷം രണ്ടര വർഷത്തോളം ടീമിനെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സ് ടീം ഏറ്റവും മോശം കളിയാണ് പുറത്തെടുത്തതെന്ന് അഭിപ്രായപ്പെട്ടു, കൂടാതെ ഐ എസ് എൽ പോയിന്റ് ടേബിളിൽ തലപ്പത്തു ഇരിക്കുവാൻ തങ്ങൾ അർഹരല്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ ഇന്നത്തെ കളി മോശമെന്നല്ല, ഏറ്റവും മോശം എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഞാൻ കേരള ബ്ലാസ്റ്റേഴ്സിൽ വന്നതിനുശേഷം രണ്ടര വർഷത്തിനുള്ളിൽ ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം കളിയാണിത്. ഞങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ തലപ്പത്ത് നിൽക്കുവാൻ അർഹരല്ല. ” – ഇവാൻ ആശാൻ പറഞ്ഞു.
എഫ്സി പഞ്ചാബിനെതിരെ മത്സരം പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച നേരിടേണ്ടത് ചെന്നൈയിൻ എഫ്സിയെയാണ്. ചെന്നൈയിൻ എഫ്സിയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം അരങ്ങേറുന്നത്. തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.