ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പുനരാരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുവാനും ദിവസങ്ങളും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ അവസാന നിമിഷങ്ങളിലേക്കാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ കടക്കുന്നത്.
അതിനാൽ തന്നെ നിരവധി ട്രാൻസ്ഫർ വാർത്തകളും ട്രാൻസ്ഫർ നീക്കങ്ങളും നമുക്ക് കാണാനായേക്കാം. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ അതിവേഗത്തിൽ ആയിരിക്കും അവസാന നിമിഷങ്ങളിൽ നടത്തുക. അത്തരം ഒരു ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കുന്നതിന് അരികിലാണ് ഐ എസ് എൽ ടീമായ പഞ്ചാബ് എഫ്സി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 24 വയസ്സുകാരനായ ലെഫ്റ്റ് വിങ്ങർ താരമായ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നതിന് തൊട്ടരികിലാണ് പഞ്ചാബ് എഫ്സി എന്നാണ് അപ്ഡേറ്റുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു ഹ്രസ്വ കാല ഡീലിൽ താരത്തിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുവാനാണ് പഞ്ചാബ് ശ്രമിക്കുന്നത്.
നിലവിൽ പഞ്ചാബ് എഫ് സി താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സുമായി അവസാനഘട്ട ചർച്ചകളിലാണ്. 2022 ലാണ് മുംബൈ സ്വദേശിയായ ബ്രെയിസ് മിറാണ്ടയേ ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. തുടർന്ന് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 12 മത്സരങ്ങളിൽ താരം കളിച്ചെങ്കിലും ഗോളുകൾ ഒന്നും ഇതുവരെ നേടാൻ ആയിട്ടില്ല. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ താരത്തിനു ലഭിക്കുന്ന അവസരങ്ങളും വളരെ കുറവായിരുന്നു.