ഏറെ ആവേശത്തോടെ അരങ്ങേറി കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് റഫറിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു മത്സരത്തിൽ വിലക്കും പിഴയും ഏർപ്പെടുത്തിയിരുന്നു.
ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ഇവാൻ ആശാൻ ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ തുടർന്നുകൊണ്ടിരിക്കുന്ന മോശം റഫറിയിങ്ങിനെ കുറിച്ച് സംസാരിച്ചത്. മോശം റഫറിയിങ് മത്സരത്തിന്റെ സ്പിരിറ്റിനെ നശിപ്പിക്കുന്നുണ്ടെന്നാണ് ഇവാൻ ആശാൻ പ്രതികരിച്ചത്.
” ഈ സീസണിലെ പ്ലേ ഓഫ് സ്ഥാനങ്ങൾ, കിരീടം തുടങ്ങിയവ ടീമുകൾ അല്ല തീരുമാനിക്കുന്നത്. അത് റഫറിമാർ തീരുമാനിക്കും. ഇത് ഫുട്ബോളിന്റെ സ്പിരിറ്റിനെ ഇല്ലാതാക്കുന്നതാണ്. ” – ഇവാൻ ആശാന്റെ ഈ പ്രസ്താവനയെ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ നിരവധി തവണയാണ് മോശം റഫറിയിങ് വരുന്നത്. കൂടാതെ കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ മോശം റഫറിയിങ് ചൂണ്ടിക്കാണിച്ചുകൊണ്ട് കളി നിർത്തി പോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ക്ലബ്ബിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വലിയ രീതിയിൽ ശിക്ഷ നൽകിയിരുന്നു.