കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യമാണിത്. പ്രധാനമായും ഇവാൻ വുകോമനോവിച്ചിനെ ക്ലബ് പുറത്താക്കിയത് തന്നെയാണ് ആരാധക രോഷത്തിന് കാരണം. മാനേജ്‌മെന്റ് പണമാണ് ഉദ്ദേശിക്കുന്നതെന്നും കിരീടമല്ല മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്നുമുള്ള വിമർശനമാണ് ഇവാനെ പുറത്താക്കിയതിന് പിന്നാലെ പ്രധാനമായും ഉയരുന്ന വിമർശനം.
ഇപ്പോഴിതാ വീണ്ടുമൊരു ബിസിനസ് നടപടിയിലേക്ക് ക്ലബ് കടന്നിരിക്കുകയാണ്. അടുത്ത സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമായി ജേഴ്‌സി ആൻഡ് കിറ്റ് നിർമാണം തുടങ്ങുന്നുവെന്നാണ് റിപോർട്ടുകൾ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് ആൻഡ് ജേഴ്‌സി സ്പോൺസർ ചെയ്യുന്നത് സിക്സ് 5 സിക്സ് എന്ന കമ്പനിയാണ്.
ഇവരുമായുള്ള കരാർ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സ്വന്തമായി കിറ്റ് നിർമാണത്തിലേക്ക് കടക്കുന്നത് 100% സാമ്പത്തിക മുന്നേറ്റം മുന്നിൽ കണ്ടാണ്. കേരളാ ബാസ്റ്റേഴ്സിന് കിറ്റ് നിർമാണത്തിന് ഇനിയും പ്രമുഖ കമ്പനികളെ ലഭിക്കുമെന്നുറപ്പാണ്. എന്നാൽ ഇതൊക്കെയും വേണ്ടെന്ന് വെച്ചാണ് ക്ലബ് സ്വന്തമായി നിർമാണത്തിന് ഇറങ്ങുന്നത്.
ഇത് വഴി ക്ലബിന് നേരിട്ട് ജേഴ്സികൾ വിറ്റഴിക്കാനും അത് വഴി ലാഭമുണ്ടാക്കാനും സാധിക്കും. ബ്ലാസ്റ്റേഴ്‌സ് ആരാധകരാവട്ടെ ഇത് വാങ്ങിക്കുകയും ചെയ്യും.ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വീണ്ടും ആരാധകരെ മുന്നിൽ നിർത്തി ഒരു കച്ചവട തന്ത്രമാണ് നടത്തുന്നതെന്നും കച്ചവടത്തിന് പകരം ക്ലബിന് കിരീടം നേടാനുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നില്ലെന്നുമാണ് ഇതോടെ ഉയർന്ന വിമർശനം.
കൂടാതെ കിറ്റ് നിർമാണത്തിന് ബ്ലാസ്റ്റേഴ്സിന് പണം കൂടുതൽ ചിലവാകുകയും ചെയ്യും. ഇതിനൊക്കയും ബ്ലാസ്റ്റേഴ്‌സ് മുന്നിൽ കണ്ട മാർഗം താരങ്ങളെ വിറ്റഴിക്കലാണോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.