ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിൽ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒഡിഷ എഫ്സിയുടെ സ്പാനിഷ് പരിശീലകനായ ജോസഫ് ഗോമ്പാവു.
ഇന്ത്യൻ സൂപ്പർ ലീഗുമായി നടത്തിയ സംവാദത്തിലാണ് 46 വയസുകാരൻ മനസ്സ് തുറക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് എവേ മത്സരങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയത് ഏത് ടീമിന്റെ ഫാൻസ് ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ജംഷഡ്പൂർ എഫ്സി ഫാൻസിനെ തിരഞ്ഞെടുത്ത അദ്ദേഹം എഫ്സി ഗോവ, ബാംഗ്ലൂരു എഫ്സി ഫാൻസിനെയും അഭിനന്ദിച്ചു.
“എവേ മത്സരം കളിക്കാൻ പോയപ്പോൾ എന്നിൽ ഏറ്റവും കൂടുതൽ മതിപ്പുളവാക്കിയത് കൊച്ചിയും ജംഷഡ്പൂരുമാണ്, കാരണം ആ സ്റ്റേഡിയങ്ങൾ നിറഞ്ഞിരുന്നു.”
“കൂടാതെ എഫ്സി ഗോവയിലും ഒരുപാട് പേർ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലെത്താറുണ്ട്. ബാംഗ്ലൂരു എഫ്സിയുടെ കാര്യത്തിലും അതുപോലെ തന്നെയാണ്, ഒരുപാട് പേർ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലെത്താറുണ്ട്.” – ജോസഫ് ഗോമ്പാവു പറഞ്ഞു.
ഒക്ടോബർ 7-ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമായി തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തന്നെ ഗംഭീരമായാണ് പോകുന്നതെന്നത് ബ്ലാസ്റ്റേഴ്‌സ് ഫാൻസ് പവർ കാണിക്കുന്നതാണ്.