ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ മികച്ച പ്രകടനവുമായ് മുന്നോട്ട് കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം വെള്ളിയാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
യു എ ഇ യിലെ പ്രീസീസൺ മത്സരങ്ങളിൽ യു എ ഇ ക്ലബ്ബുകളായ സ്മാർട്ട് എഫ്സി, അൽ ജസീറ അൽ ഹംറ ക്ലബ്ബുകൾക്കെതിരെ മികച്ച വിജയം ആഘോഷിച്ച കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തിരിച്ചെത്തിയതിന് ശേഷവും പ്രീസീസൺ വിജയങ്ങൾ ആസ്വദിച്ചു.
ആദ്യ മത്സരത്തിൽ നാഷണൽ ഗെയിംസിനിനുള്ള കേരള സ്റ്റേറ്റ് ടീമിനെയും രണ്ടാമത്തെ മത്സരത്തിൽ എംഎ കോളേജ് ടീമിനെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോല്പിച്ചത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗഹൃദ മത്സരം സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് നടക്കും.
അതേസമയം സീസൺ ടിക്കറ്റ് എടുത്തവരിൽ ചില ആരാധകർക്ക് കഴിഞ്ഞ സൗഹൃദ മത്സരം കാണാൻ അവസരം കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഒരുക്കിയിരുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിലും കാണികളെ പ്രവേശിപ്പിക്കുമെന്നതിനാൽ സീസൺ ടിക്കറ്റ് എടുത്തവർ ഇമെയിൽ വഴി ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനുള്ള ക്ഷണം വന്നിട്ടുണ്ടോയെന്ന് നോക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.
കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.