കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തലവേദനയായിരുന്നു പ്രതിരോധം. ജെസ്സലിന്റെയും ഖബ്രയുടെയും മോശം പ്രകടനവും സന്ദീപിന്റെ പരിക്കുമൊക്കെ പ്രതിരോധത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. കൂടാതെ ഹോർമിക്ക് മികച്ചൊരു പകരക്കാരൻ ഇല്ലാത്തതും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ തലവേദനയാണ്.
പ്രതിസന്ധികളൊരുപാടുള്ളതിനാൽ അടുത്ത സീസണിൽ പ്രതിരോധനിര ശക്തപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ജെസ്സൽ, ഖബ്ര എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുകയും ചെയ്തു. ജെസ്സൽ ബെംഗളൂരു എഫ്സിയിലേക്കും ഖബ്ര ഈസ്റ്റ് ബംഗാളിലേക്കും പോകുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇരുവർക്കും പിന്നാലെ നിഷൂ കുമാറും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവില്ല.
പ്രതിരോധ നിരയിൽ ഈ 3 താരങ്ങൾക്കും പകരക്കാരായി മികച്ച താരങ്ങളെ കൊണ്ട് വന്ന് പ്രതിരോധം ശക്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. കഴിഞ്ഞ സീസണിൽ ഒഡീഷയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ ധനചന്ദ്ര മീതെയെ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തിരികെ കൊണ്ട് വരും. കൂടാതെ മിസോറാമിൽ നിന്നും ഒരു യുവതാരത്തെ കൂടി ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുകയാണ്.
നിലവിൽ ഐസ്‌വാൾ എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന യുവതാരം സോഡിങ് ലിയാന റാൾട്ടെയെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. 28 കാരനായ താരം നിലവിൽ ഐസ്‌വാൾ എഫ്സിയുടെ ലെഫ്റ്റ് ബാക്കാണ്. ക്ലബ് വിടുന്ന നിശൂകുമാറിന് പകരക്കാനായാണ് ബ്ലാസ്റ്റേഴ്‌സ് സോഡിങ് ലിയാനയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.
ഷില്ലോങ് ലജോങ് എഫ്സിയിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്ന് വന്ന താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഡൽഹി ഡയനാമോസ്, പുണെ സിറ്റി എഫ്സി, നെറോക്ക എഫ്സി എന്നീ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.2020 മുതൽ 2022 വരെ ഗോകുലം കേരളയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.