കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ടീമിലെത്തിക്കാൻ ശ്രമിച്ച യുവതാരങ്ങളിൽ ഒരാളായിരുന്നു ബെംഗളൂരു എഫ്സിയുടെ മലയാളി താരം രാഹുൽ രാജു. 18 കാരനായ താരം ഈ വർഷത്തെ റീലിയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലെ ടോപ് സ്കോററായിരുന്നു. 7 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ നേടിയാണ് രാഹുൽ രാജു ഡെവലപ്മെന്റ് ലീഗിലെ ഗോൾഡൻ ബൂട്ട് വിന്നറായത്.
ഇത്തരത്തിൽ മികച്ച രീതിയിൽ ഗോളുകൾ നേടാൻ കഴിയുന്ന താരത്തെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ശ്രമങ്ങൾ പരാജയപെടുകയിരുന്നു.
താരത്തെ വിട്ട് നൽകാൻ ബെംഗളൂരു എഫ്സി തയ്യാറാവാത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കങ്ങൾ പരാജയപ്പെട്ടത്. നിലവിൽ 2023 വരെ താരത്തിന് ബെംഗളൂരു എഫ്സിയിൽ കരാറുണ്ട്. കൂടാതെ താരത്തിന് പുതിയ കരാർ നൽകാനാണ് ബെംഗളുരൂവിന്റെ നീക്കം.
ബെംഗളൂരു എഫ്സിയുടെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്താത്ത രാഹുൽ ബെംഗളുരുവിന്റെ റിസേർവ് ടീമിന് വേണ്ടിയാണ് റീലിയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ബൂട്ട് കെട്ടിയത്. താരത്തെ നെക്സ്റ്റ് ജെൻ കപ്പിനായി ബെംഗളൂരു ഇതിനോടകം ലണ്ടനിലേക്ക് അയക്കുകയും ചെയ്തിരിക്കുകയാണ്.
ഒരു ഇന്ത്യൻ സ്‌ട്രൈക്കർക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യമായിരുന്നു രാഹുൽ രാജു. എന്നാൽ ബെംഗളൂരു താരത്തെ വിട്ട് നൽകാത്തതോടെ ബ്ലാസ്റ്റേഴ്സിന്റെ ആ പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്.