ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയങ്ങളും ഫോമില്ലായ്മയും നേരിട്ടുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ആരാധകർക്ക് വേണ്ടി വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമങ്ങളിലാണ്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയും കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതാണ്. എഫ്സി ഗോവയുടെ സൂപ്പർതാരമായ നോഹയെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരമായ മാർക്കോ ലെസ്‌കോവിച്ചിന്റെ കരാർ പുതുക്കുന്നില്ല എന്ന വാർത്ത കൂടി പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊപ്പം ഡിഫൻസിൽ വൻമതിലായി നിലനിന്ന ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നതോടെ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞേക്കും. താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കി നൽകാത്തതിന് പ്രധാന കാരണം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഈ സീസൺ കഴിയുമ്പോൾ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കി നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യം കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ 30കാരനായ താരം ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയും.
മാർക്കോ ലെസ്‌കോവിച്ചിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതുക്കി നൽകാത്തതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പരിക്കുകളും ഫോമില്ലായ്മയുമാണ്. ഈ സീസണിൽ പരിക്കുകൾ ബാധിച്ച താരത്തിന് വെറും 7 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടാൻ ആയത്. സൂപ്പർ താരത്തിനു പകരം മറ്റൊരു വിദേശ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.