കളിക്കളത്തിൽ ഏറെ നിർണായകമായ ഒരു പൊസിഷനാണ് സെൻട്രൽ മിഡ്ഫീൽഡർ. ഒരേ സമയത്ത് ഡിഫൻസിനെ സഹായിക്കുകയും മുന്നേറ്റ നിരയിലേക്ക് കൃത്യമായി പന്തെത്തിക്കുകയും ചെയ്യുന്ന ജോലിയാണ് സെൻട്രൽ മിഡ്ഫീൽഡർക്കുള്ളത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി പൂട്ടിയയും ജീക്സൺ സിംഗുമാണ് ഈ ജോലി ചെയ്തത്. മധ്യനിരയിൽ മികച്ച കൂട്ട്കെട്ട് നടത്താൻ ഈ സഖ്യത്തിനായിട്ടുണ്ട്.
കളിക്കളത്തിൽ ഏറെ നിർണായകമായ ഈ പൊസിഷനിലേക്ക് ഒരു മലയാളി താരത്തെ വളർത്തിയെടുക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. തൃശൂര്‍ സ്വദേശിയായ 19 കാരന്‍ വിബിന്‍ മോഹനനെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ പൊസിഷനിലേക്ക് ഒരുക്കുന്നത്. 2022 സാഫ് അണ്ടര്‍ 20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമാണ് സെൻട്രൽ മിഡ്ൽഫീൽഡർ ആയ വിബിൻ.
2012 ൽ കേരളാ പോലീസ് അക്കാദമിയിൽ പന്ത് തട്ടി തുടങ്ങിയ വിബിൻ 2017 ലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ ഭാഗമായ വിബിനെ ബ്ലാസ്റ്റേഴ്‌സ് 2020 ൽ ഇന്ത്യൻ ആരോസിന് വേണ്ടി ലൊഹാനിൽ അയക്കുകയും ചെയ്തു. 2020 മുതൽ 2022 വരെയുള്ള രണ്ട് സീസണുകളിലാണ് വിബിൻ ഇന്ത്യൻ ആരോസിന് വേണ്ടി കളിച്ചത്. ഈ കാലയളവിൽ ഇന്ത്യൻ ആരോസിനായി 31 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വിബിൻ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വിബിൻ അവിടെയും മികച്ച പ്രകടനം നടത്തി. എതിരാളികളുടെ അക്രമങ്ങളെ മധ്യനിരയിൽ വെച്ച് തടയാനും അതേ പോലെ മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാനും മിടുക്കനാണ് ഈ 19 കാരൻ. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്‌ക്വാഡിൽ ഇടംപിടിക്കാനും സാധ്യത കൽപ്പിക്കുന്ന താരമാണ് വിബിൻ. ബ്ലാസ്റ്റേഴ്സിന് വേണ്ടി നിലവിൽ മധ്യ നിരയിൽ മികച്ച പ്രകടനം നടത്തുന്ന പൂട്ടിയയുടെ കരാർ അടുത്ത സീസണോടെ അവസാനിക്കും. പൂട്ടിയയുമായി പുതിയ കരാർ ബ്ലാസ്റ്റേഴ്സിന് ഒപ്പ് വെയ്ക്കാനില്ല എങ്കിൽ ഒരു പ്ലാൻ ബി പോലെ ബ്ലാസ്റ്റേഴ്‌സ് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന താരമാണ വിബിൻ.