ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് കിക്ക് ഓഫ് കുറിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊച്ചിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇമാമി ഈസ്റ്റ് ബംഗാളിനെ നേരിടും.
ഒക്ടോബർ 7-ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ടീം പരിശീലകനും നിലവിൽ ഇമാമി ഈസ്റ്റ് ബംഗാളിന്റെ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.
പരിചയ സമ്പന്നനായ പരിശീലകന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നേരിടുന്നത് ബുദ്ദിമുട്ടേറിയതായിരിക്കുമെന്ന് പറഞ്ഞ സ്റ്റീഫൻ മത്സരം മികച്ച പോരാട്ടമായി മാറുമെന്നും പറഞ്ഞു. ഐഎസ്എലിന് മുന്നോടിയായി നൽകിയ ഇന്റർവ്യൂവിലാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സംസാരിക്കുന്നത്.
“ടീമിന്റെ ഒരുക്കങ്ങളിൽ ഞാൻ ഒരിക്കലും തൃപ്തനല്ല, ഇത് ഒരു നീണ്ട സീസണാണ്. ഞങ്ങൾ അനുദിനം മെച്ചപ്പെടുന്നുണ്ട്. പരിചയസമ്പന്നനായ ഒരു പരിശീലകന്റെ കീഴിലുള്ള ശക്തമായ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.”
“അവർ ടീമിന്റെ അകകാമ്പ് കേടുകൂടാതെ സൂക്ഷിക്കുകയും 3-4 നിലവാരമുള്ള കളിക്കാരെ ടീമിൽ പുതുതായി ടീമിലേക്ക് ചേർക്കുകയും ചെയ്തു. തീർച്ചയായും കഠിനമായ മത്സരമായിരിക്കും അരങ്ങേറുക.” – സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.
കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വലിയൊരു ആരാധക കൂട്ടത്തിന്റെ പിൻബലത്തോടെയായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് തോല്പിക്കുക എന്നത് ഇമാമി ഈസ്റ്റ് ബംഗാളിനെ അൽപ്പം പ്രയാസകരമായിരിക്കും.