കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന കാര്യത്തിൽ ഇത് വരെ ഉറപ്പ് വന്നിട്ടില്ല. 2+1 വർഷത്തെ കരാർ താരത്തിനുണ്ട്. ഇതിൽ രണ്ട് വർഷത്തെ കരാർ താരം പൂർത്തിയാക്കിയിരിക്കുകയാണ്. ബാക്കിയുള്ള +1 കരാർ താരത്തിന്റെയും ടീമിന്റെയും സാഹചര്യങ്ങൾ അനുസരിച്ച് പുതുക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യാം.
ലൂണയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ട്. എന്നാൽ പുതിയ പരിശീലകൻ വന്ന് തീരുമാനമെടുക്കാം എന്ന നിലപാടാണ് ലൂണയ്ക്ക്. കാരണം പുതിയ പരിശീലകന്റെ ശൈലിക്കനുസരിച്ചുള്ള താരമല്ല താനെങ്കിൽ ലൂണയ്ക്ക് അടുത്ത സീസണിൽ അവസരങ്ങൾ ലഭിക്കില്ല. ഇതോടെയാണ് ലൂണ ഈ തീരുമാനമെടുത്തത്.
ഇതിനിടയിൽ ലൂണയ്ക്ക് മുംബൈ സിറ്റി എഫ്സിയുടെ ഒരു വലിയ ഓഫർ വന്നിട്ടുണ്ടെന്ന് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന റിപ്പോർട്ട് ആദ്യം പങ്ക് വെച്ച മീഡിയയാണ് ഐഎഫ്ടി ന്യൂസ് മീഡിയ എന്നതും ശ്രദ്ധേയമാണ്.
നിലവിൽ മുംബൈയുടെ പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ്. നേരത്തെ അദ്ദേഹം മെൽബൺ സിറ്റിയുടെ സഹപരിശീലകനായിരുന്നു. മെൽബൺ സിറ്റിയുടെ യൂത്ത് ടീം പരിശീലകൻ കൂടിയായിരുന്നു. ഈ സമയത്ത് ലൂണ മെൽബണിൽ കളിച്ചിരുന്നു. അതിനാൽ ഇരുവർക്കും തമ്മിൽ നേരത്തെ ബന്ധമുണ്ട്.
ലൂണയ്കായി മുംബൈ വലിയ ഓഫറാണ് നൽകിയതെന്നും വമ്പൻ ട്രാൻസ്ഫർ ഫീ മുംബൈ ബ്ലാസ്റ്റേഴ്സിന് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. മുംബൈയുടെ പണക്കൊഴുപ്പിൽ ബ്ലാസ്റ്റേഴ്‌സ് വീഴുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.