ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിപണിയിൽ പണം മുടക്കാൻ ഒട്ടും മടിയില്ലാത്തവരാണ് മോഹൻ ബഗാൻ. പല വമ്പൻ താരങ്ങളെയും വമ്പൻ പ്രതിഫലം നൽകി സ്വന്തമാക്കിയ ചരിത്രം മോഹൻ ബഗാനുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വമ്പൻ ട്രാൻസ്ഫറിന് ബഗാൻ ഒരുങ്ങുകയാണ്.
ജംഷദ്പൂർ എഫ്സിയുടെ മലയാളി താരം മുഹമ്മദ് സനാനെയാണ് ബഗാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത്തവണ ഐഎസ്എൽ ഷീൽഡ് ജേതാക്കളായതോടെ എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 വിന് ബഗാൻ യോഗ്യത നേടിയിരുന്നു. ഇതോടെ ഏഷ്യയിലെ വമ്പൻ ക്ലബാക്കി മോഹൻ ബഗാനെ മാറ്റുമെന്ന് ക്ലബ് ഉടമകളും പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തുന്ന സനാനെ ബഗാൻ ലക്ഷ്യമിടുന്നത്. 20 കാരനായ സനാൻ സീസണിൽ ജംഷദ്പൂറിന് വേണ്ടി രണ്ട് ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു. ഈ കണക്കുകൾക്ക് പുറമെ വലിയ ഭാവി കണക്കാക്കുന്ന താരം കൂടിയാണ് സനാൻ.
കഴിഞ്ഞ സീസണിൽ അവർ ബ്ലാസ്റ്റേഴ്സിൽ നിന്നും സഹൽ അബ്ദുൽ സമദിനെ വലിയ തുക മുടക്കി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മലയാളി താരമായ സനാന് വേണ്ടി പണപ്പെട്ടിയുമായി ബഗാൻ ഇറങ്ങുന്നത്.
താരത്തിന് 2026 വരെ ജംഷദ്പൂരിൽ കരാറുള്ളതിനാൽ ബഗാന് താരത്തെ സ്വന്തമാക്കാൻ ട്രാൻസ്ഫർ തുക മുടക്കേണ്ടി വരും. വലിയ ഭാവി കണക്കാക്കുന്ന താരമായതിനാൽ ജംഷദ്പൂർ വലിയ തുകയായിരിക്കും ട്രാൻസ്ഫർ ഫീയായി ചോദിക്കുക.