പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു കൊണ്ട് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ട്രോഫിയിലേക്ക് കുതിച്ചു പായുകയാണ് മുംബൈ സിറ്റി എഫ്സി.
മുംബൈയിലെ ഫുട്ബോൾ അറീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ ചിത്രം പൂർണ്ണമായും തെളിഞ്ഞു നിന്നു. നാല് ഗോളുകളും ഒരു റെഡ് കാർഡുമാണ് ആദ്യ പകുതിയിൽ പുറത്തെടുത്തത്.
ഹോം ടീമായ മുംബൈ സിറ്റി എഫ്സിയുടെ ആധിപത്യം വ്യക്തമായ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ മൊറോക്കൻ താരം അഹ്‌മദ് ജാഹൂ നേടുന്ന ഗോളിൽ ലീഡ് നേടിയ മുംബൈ സിറ്റി എഫ്സി 11-മിനിറ്റിൽ ജോർഹെ പെരേര ഡയസിലൂടെ ലീഡ് രണ്ടായി ഉയർത്തി.
15-മിനിറ്റിൽ ഗ്രേഗ് സ്റ്റുവർടിലൂടെ വീണ്ടും ഗോൾ നേടിയ മുംബൈ സിറ്റി എഫ്സി 45-മിനിറ്റിൽ നാലാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ജോർദാൻ ഗിൽ റെഡ് കാർഡ് കണ്ടതോടെ നോർത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങി.
ഇതോടെ രണ്ടാം പകുതിയിൽ മുംബൈ സിറ്റി വീണ്ടും ഗോളടിച്ചു കൂട്ടുമെന്ന് കരുതിയെങ്കിലും മത്സരം 4-0 സ്കോറിനു അവസാനിച്ചു. മത്സരം തോറ്റതോടെ അവസാന സ്ഥാനത്ത് തുടരുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
15 കളിയിൽ നിന്നും 39 പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് ഡെസ് ബക്കിങ്ഹാമിന്റെ സംഘം. നാളെ നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ vs ഹൈദരാബാദ് എഫ്സിയെ നേരിടും.