കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്ക് ടീമിലേക്കെത്തിച്ച താരമാണ് ഇന്ത്യൻ പ്രതിരോധ താരം പ്രീതം കോട്ടാൽ. സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് കൈമാറിയതിലൂടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഡീലാണ് പ്രീതം. എന്നാൽ പ്രീതം കളിച്ച ക്ലബ്ബുകൾ നിലവിലില്ല എന്ന രസകരമായ ഒരു ഫൺ ഫാക്ട് കൂടിയുണ്ട്.
പ്രീതം കളിച്ച ക്ലബ്ബുകളെല്ലാം റീ ബ്രാൻഡ് ചെയ്യപ്പെടുകയും ചിലത് അടച്ച് പൂട്ടുകയും ചെയ്തിട്ടുണ്ട്. ആ ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.
താരം ആദ്യമായി കളിച്ച പ്രൊഫഷണൽ ക്ലബ് പൈലൻ ആരോസാണ്. 2010 ൽ പൈലൻ ആരോസ് എന്ന പേരിട്ട് എഐഎഫ്എഫ് ആരംഭിച്ച ഈ ക്ലബ് പിന്നീട് ഇന്ത്യൻ ആരോസ് എന്ന പേരിലേക്ക് മാറുകയായിരുന്നു. ഇന്ത്യൻ ആരോസിൽ ഐ ലീഗിൽ കളിച്ചിരുന്നെങ്കിലും ഒരു വർഷം മുമ്പ് ക്ലബ്ബിന്റെ പ്രവർത്തനം എഐഎഫ്എഫ് അവസാനിപ്പിക്കുകയായിരുന്നു.
താരം പിന്നീട് കളിച്ചത് മോഹൻബഗാനിലാണ്. മോഹൻ ബഗാൻ ഇപ്പോൾ പഴയ രൂപത്തിലല്ല ഉള്ളത്. എടികെയുമായി ലയിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് ക്ലബ് റീബ്രാൻഡ് ചെയ്യപ്പെടുകയും ചെയ്തു.
താരം 2014-15 സീസണുകളിൽ പൂനെ സിറ്റി എഫ്സിയ്ക്ക് വേണ്ടി കളിച്ചു. 2019 ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂനെ സിറ്റി എഫ്സി അടച്ച് പൂട്ടുകയും ചെയ്തു. പിന്നീട് താരം എടികെയ്ക്ക് വേണ്ടിയും ഡൽഹി ഡൈനമോസിനായും കളിച്ചു. ഇരു ക്ലബ്ബുകളും പിന്നീട് റീ ബ്രാൻഡ് ചെയ്യപ്പെടുകയും ചെയ്തു.