കേരളാ ബ്ലാസ്റ്റേഴ്സിൽ ഇവാൻ വുകോമനോവിച്ചിന്റെ പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഇത് വരെ ഉത്തരമായിട്ടില്ല. ഇവാന് പകരക്കാരനായി 100 പ്രൊഫൈലുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെന്നും ഇതിൽ 20 പരിശീലകരുടെ പേരുകൾ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തതായും അവരുമായുള്ള അഭിമുഖം പുരോഗമിക്കുന്നു എന്നുള്ളതായിരുന്നു പുതിയ പരിശീലകന്റെ കാര്യത്തിൽ പുറത്ത് വന്ന അവസാന അപ്‌ഡേറ്റ്.
ഇതിനിടയിൽ മുൻ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന ചില റൂമറുകൾ പുറത്ത് വന്നിരുന്നു. കൊല്കത്തൻ മാധ്യമ പ്രവർത്തകനായ സോഹൻ പൊഡ്ഡാറാണ് ഫെറാണ്ടോയുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.
എന്നാൽ ഫെറെണ്ടോ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവില്ലെന്ന പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്. ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഫെറെണ്ടോ ബ്ലാസ്റ്റേഴ്സിലേക്കെന്നുള്ള വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്.
അതേസമയം, ഫെറാണ്ടോ ബ്ലാസ്റ്റേസിലേക്കില്ലെന്നും മറിച്ച് ഫെറെണ്ടോയെ പരിശീലകനാക്കാൻ മറ്റൊരു ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നുണ്ടെന്ന മറ്റു ചില റിപോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്.
അതെ സമയം ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്ത [പരിശീലകരുമായുള്ള അഭിമുഖം അവസാനിച്ചെന്നും പുതിയ പരിശീലകനായുള്ള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലുമാണെന്നും ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.