ജോർഹെ പേരയ്‌റ ഡയസ്. ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്ന് കാണില്ല. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലർക്കും ഡയസിനോട് വിയോജിപ്പുണ്ടണെങ്കിലും ഒരു കാലത്ത് ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായിരുന്നു ഈ അർജന്റീനക്കാരൻ.
2021-22 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയപ്പോൾ ആ സീസണിൽ ബ്ലാസ്റ്റേഴ്സിനായി എട്ടു ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ റണ്ണേഴ്‌സ് അപ്പാക്കുന്നതിൽ ഈ അർജന്റീനക്കാരൻ നിർണായക പങ്ക് വഹിച്ചിരുന്നു. പിന്നീട് ഒരു വിവാദത്തിന് വഴി വെച്ച് താരം തൊട്ടടുത്ത സീസണിൽ മുംബൈയിലേക്ക് പറന്നു.
മുംബൈയ്‌ക്കൊപ്പം രണ്ട് സീസണുകളിൽ പന്ത് തട്ടിയ താരം അവർക്കായി 19 ഗോളുകൾ നേടുകയും അവരെ കിരീട നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ട് സീസണുകൾക്ക് ശേഷം താരം മുംബൈ വിടുകയാണ്.
മുംബൈ വിടുന്ന താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബായ എഫ്സി ഗോവയാണ് രംഗത്തുള്ളത്. താരവുമായി ഗോവ കരാർ ചർച്ചകൾ പൂർത്തീകരിച്ചതായും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരം ഗോവയ്ക്കായി കളിക്കുമെന്നും ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളല്ല ഗോവയെങ്കിലും അടുത്ത സീസണിലും താരം ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുടെ തട്ടകത്തിൽ തന്നയുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.