ഐഎസ്എൽ അഞ്ചാം റൌണ്ട് മത്സരങ്ങൾ പുരോഗമിക്കുന്നതേയുള്ളു. ഇനിയും 15 റൌണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. അതിനാൽ തന്നെ സീസണിലെ ഏറ്റവും മികച്ച താരമാര് ഏറ്റവും മോശം താരമാര് എന്നത് ഇപ്പോൾ വിലയിരുത്താനാവില്ല. എഴുതി തള്ളിയവർ നിർണായക മത്സരങ്ങളിൽ സൂപ്പർ ഹീറോകളാവുന്നതും വാനോളം വാഴ്ത്തിയവർ നിഷ്പ്രഭമാവുന്നതുമൊക്കെ ഐഎസ്എല്ലിൽ നേരത്തെ തന്നെ നമ്മൾ കണ്ടതാണ്. ഇത്തവണയും അങ്ങനെ സംഭവിച്ചേക്കാം. അതിനാൽ തന്നെ ആരെയും എഴുതിത്തള്ളാനാവില്ല.
സീസണിലെ ഏറ്റവും മോശം വിദേശ സൈനിങ് ആരാണ് എന്ന ചോദ്യത്തിനും ഉത്തരത്തിനും ഇപ്പോൾ പ്രസക്തി ഇല്ലെങ്കിലും ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത് നിലവിലെ സീസണിലെ ഏറ്റവും മോശം വിദേശ സൈനിങ് എടികെ മോഹൻ ബഗാന്റെ ഫ്ലോറന്റീൻ പോഗ്ബയാണ് എന്നാണ്. സൂപ്പർ താരം പോൾ പോഗ്ബയുടെ ചേട്ടൻ എന്ന വിശേഷണത്തോടെ ഐഎസ്എല്ലിൽ എത്തിയ താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടുമില്ല, അതിനുള്ള അവസരം ലഭിച്ചിട്ടുമില്ല.
സീസണിൽ ഇത് വരെ ആകെ 28 മിനുട്ട് മാത്രമാണ് ചേട്ടൻ പോഗ്ബ കളിച്ചത്. താരത്തെ ഐഎസ്എല്ലിലേക്ക് കൊണ്ട് വന്ന ഹൈപ്പ് പരിഗണിക്കുകയാണെങ്കിൽ എല്ലാ മത്സരങ്ങളും കളിക്കേണ്ട താരമാണ് ഫ്ലോറന്റീൻ പോഗ്ബ. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ എടികെ മോഹൻ ബഗാൻ പരിശീലകൻ അത്ര തൃപ്തനല്ല.
താരത്തിന് വേണ്ടത്ര വേഗതയില്ല എന്ന വിമർശനം എടികെ മോഹൻ ബഗാൻ ആരാധകർ തന്നെ ഉയർത്തിയിരുന്നു. കൂടാതെ ബിൽഡ് ആപ്പ് പ്ലേയിൽ ഊന്നിയ താരത്തിന്റെ പ്രകടനത്തിൽ പരിശീലകൻ യുവാൻ ഫെറാണ്ടോയും അത്ര ഹാപ്പിയല്ല. ഐഎസ്എല്ലിൽ ബിൽഡ് അപ്പ് പ്ലെയിങിന്റെ ആവശ്യം വളരെ കുറവാണെന്നും അതിനാലാണ് താരത്തിന് അവസരം ലഭിക്കാത്തത് എന്നുമാണ് ഫെറാണ്ടോ പറയുന്നത്.
ഫ്ലോറന്റീൻ പോഗ്‌ബ മോശം താരമല്ല. പക്ഷെ അദ്ദേഹം ഐഎസ്എല്ലിലേക്ക് എത്തുമ്പോൾ ഉണ്ടായിരുന്ന ഹൈപ്പ് അദ്ദേഹത്തിനില്ല എന്നുള്ളതാണ് സീസണിലെ മോശം വിദേശ സൈനിങായി ചേട്ടൻ പോഗ്ബയെ വിലയിരുത്താനുള്ള കാരണം.