പോർച്ചുഗീസ് സൂപ്പർ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ട്. ആഴ്സലിനെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്, എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിസ്റ്റൽ പാലസിനെതിരെ കളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
ആഴ്‌സണലിനെതിരായ 3-2 ന്റെ യുണൈറ്റഡിന്റെ തിളക്കമാർന്ന വിജയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകൾ നേടി തന്റെ കരിയർ ഗോൾ നേട്ടം 801 ആക്കി ഉയർത്തിയിരുന്നു. പക്ഷേ ഈ മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽമുട്ടിന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ആഴ്‌സണലിനെതിരായ വിജയഗോൾ ആഘോഷിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽമുട്ടിന് ക്ഷതം സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്, മത്സരത്തിന്റെ 70-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചതിന് ശേഷം നടത്തിയ വിജയഗോൾ സെലിബ്രേഷനിടെയാണ് ക്രിസ്റ്റ്യാനോക്ക് പരിക്ക് പറ്റിയതായി പറയുന്നത്.
ഈയൊരു പ്രശ്‌നം കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽകാലിക പരിശീലകനായി ചുമതലയേറ്റ റാൽഫ് റാങ്‌നിക്കിന് കീഴിലുള്ള യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നിർബന്ധിതനായേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തലവേദന തന്നെയാണ്, ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 16 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന ഫോമിലാണ്.