ഐഎസ്എല്ലിൽ അടുത്ത സീസൺ മുതൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 3 സീസണുകളിലായി ഉണ്ടായിരുന്ന ഏഷ്യൻ സൈനിങ് ഇനി അടുത്ത സീസൺ മുതൽ നിർബന്ധമാവില്ല. കൂടാതെ താരങ്ങളുടെ സാലറി ക്യാപ് 16.5 കോടിയിൽ നിന്നും 18 കോടിയായി ഉയർത്തുമെന്നാണ് അടുത്ത നിയമം.
ഈ സാലറി ക്യാപിന് പുറമെ രണ്ട് താരങ്ങളെ സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ സ്വന്തമാക്കാനാവും. ഇതൊക്കെയാണ് അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. എന്നാൽ ഇതിൽ മൂന്നാമത്തെ നിയമം ഒരല്പം ആശങ്ക നൽകുന്നതാണ്.
സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ രണ്ട് താരങ്ങളെ സ്വന്തമാക്കാനുള്ള നിയമം ഏറ്റവും കൂടുതൽ ഗുണം നൽകുക, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി ടീമുകൾക്കായിരിക്കും. കാരണം താരങ്ങൾക്ക് വേണ്ടി എത്ര പണം മുടക്കാനും തയ്യാറാവുന്ന ടീമുകളാണ് ഇരുവരും.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് അടങ്ങുന്ന മറ്റു ടീമുകൾക് മുംബൈയുടെയോ ബഗാന്റെയോ അത്ര സാമ്പത്തിക കരുത്തുള്ള ടീമല്ല. അതിനാൽ മുംബൈയും ബഗാനുമൊക്കെ വമ്പൻ താരങ്ങളെ മാർക്വീ സൈനിങ്ങായി കൊണ്ട് വരുമ്പോൾ മറ്റു ടീമുകൾക്ക് അതിന് കഴിഞ്ഞില്ലെന്ന് വരും. ഇത് ഐഎസ്എൽ അസന്തുലിതമാവാൻ കാരണമായേക്കും.
ബ്ലാസ്റ്റേഴ്‌സ് വലിയ സാമ്പത്തിക ശേഷിയില്ലാത്ത ക്ലബൊന്നുമില്ല. എന്നാൽ കളിക്കാരെ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന് ചില സാമ്പത്തിക തടസങ്ങൾ ഉണ്ടാവാറുണ്ട്. എഐഎഫ്എഫിന്റെ പിഴ വന്നപ്പോൾ വനിതാ ടീമിനെ പിരിച്ച് വിട്ട ബ്ലാസ്റ്റേഴ്‌സ് മാർക്വീ സൈനിങ്ങിന് വേണ്ടി എത്ര രൂപ മുടക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.