പ്രതിരോധനിരയിലേക്ക് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നായിരുന്നു പ്രതിരോധനിര. ആ പോരായ്മ മറികടക്കാൻ ഇത്തവണ രണ്ടും കൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ്.
ബംഗളൂരു എഫ്സിയിൽ നിന്ന് പ്രബീർദാസിനെ റാഞ്ചിയ ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയുടെ ഐബാൻ ഡോഹ്ളിങ്ങിനെയും ലക്ഷ്യം വെക്കുന്നൂണ്ട്. കൂടാതെ ഒരുപിടി മികച്ച പ്രതിരോധ താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോളിലെ മികച്ച ഒരു പ്രതിരോധ താരത്തിന് വേണ്ടി കരുക്കൾ നീക്കുകയാണ് ബ്ലാസ്റ്റേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാന്റെ ലെഫ്റ്റ് ബാക്ക് സുഭാഷിഷ് ബോസിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നത്.27 കാരനായ താരം ഇന്ത്യൻ ദേശീയ ടീമിന്റെയും സാന്നിധ്യമാണ്.
2020 മുതൽ താരം മോഹൻ ബഗാന് വേണ്ടിയാണ് കളിക്കുന്നത്. മോഹൻ ബഗാനുവേണ്ടി 70 ഓളം മത്സരങ്ങൾ സുഭാഷിഷ് ബോസ് കളിച്ചിട്ടുണ്ട്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആഷിഷ് നെഗിയാണ് ബ്ലാസ്റ്റേഴ്സ് സുഭാഷിഷ് ബോസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തവണ ബ്ലാസ്റ്റേഴ്സ് പ്രധാനമായും ലക്ഷ്യമിടുന്നത് പ്രതിരോധത്തിലെ പോരായ്മകൾ മറികടക്കാനാണ്. കഴിഞ്ഞ സീസണിൽ കബ്രയുടെയും ജെസ്സലിന്റെയും മോശം ഫോമും സന്ദീപ് സിംഗിന്റെ പരിക്കുമെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ തളർത്തിയിരുന്നു.