ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ പാതിവഴി പിന്നിട്ടുനിൽക്കവേ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ നീക്കങ്ങൾ ഗംഭീരമാക്കി ടീം ശക്തമാക്കാനൊരുങ്ങുകയാണ് ഐഎസ്എൽ ടീമുകൾ.
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൻ എഫ്സിയുടെ മുൻ മോന്റീനെഗ്രിൻ താരമായിരുന്ന സ്ലാവ്കോ ദംജാനോവിച്ച് വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടാൻ എത്തിയേക്കും.
30 വയസുകാരനായ ഡിഫെൻഡർ പരിക്ക് ബാധിച്ചു പുറത്തിരിക്കുന്ന ഫ്ലോറൻറ്റീനോ പോഗ്ബക്ക് പകരക്കാരനായാണ് എടികെ മോഹൻ ബഗാൻ ക്ലബ്ബിലെത്തുക. കൂടാതെ പരിക്ക് കാരണം പുറത്തിരിക്കുന്ന ജോണി കൗക്കോക്ക് പകരം മറ്റൊരു വിദേശ താരത്തെ സ്വന്തമാക്കാനും മറൈനേഴ്‌സ് ശ്രമിക്കുന്നുണ്ട്.
2021-2022 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി 19 മത്സരങ്ങളിൽ പന്ത് തട്ടിയ സ്ലാവ്കോ ദംജാനോവിച്ച് പിന്നീട് സെർബിയൻ ലീഗിൽ കളിക്കുന്ന നോവി പാസാർ ക്ലബ്ബിലെത്തിയിരുന്നു.
എന്നാൽ സെർബിയൻ ക്ലബ്ബിൽ താരത്തിനു കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. നിലവിൽ വരുന്ന റിപ്പോർട്ടുകൾ യാഥാർഥ്യമാകുകയാണെങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ എടികെ മോഹൻ ബഗാൻ ജേഴ്സിയിൽ താരം പന്ത് തട്ടിയേക്കും.