ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുക എന്നത് നമ്മുക്ക് അഭിമാനകരമായ കാര്യമാണ്. എന്നാൽ ഒരു ഇന്ത്യൻ താരം ലോകപ്രസിദ്ധമായ ഒരു ലീഗിലെ ഒരു മികച്ച ക്ലബ്ബിലേക്ക് പോയാലോ? അതിനേക്കാൾ അഭിമാനകരമായ ഒരു നേട്ടം ഇന്ത്യൻ ഫുട്ബാളിനില്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ കൗമാര താരത്തെ റാഞ്ചിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൻ.
ഇന്ത്യൻ കൗമാരതാരം ഇഷാൻ ഹവാരിയെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ എഫ്‌സി സ്‌കൗട്ട് ചെയ്തിരിക്കുന്നത്.റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് അക്കാദമിയിൽ പരിശീലനം നേടിയ ഇഷാനെ എവർട്ടൺ എഫ്സി അവരുടെ അണ്ടർ-17 ടീമിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു യുവ ഇന്ത്യൻ താരം എവർട്ടൺ പോലുള്ള ഒരു പ്രമുഖ ക്ലബ്ബിൽ എത്തുന്നത് രാജ്യത്തെ യുവ കളിക്കാർക്ക് വലിയ പ്രചോദനമാണ്.
റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് അക്കാദമിയിൽ കളിച്ചിരുന്ന ഇഷാൻ്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. മികച്ച ടെക്നിക്കൽ സ്കില്ലുകളും, കളിയെക്കുറിച്ചുള്ള ശരിയായ ധാരണയും അദ്ദേഹത്തെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുകയും ചെയ്തിരുന്നു. ഈ കഴിവുകളാണ് എവർട്ടൺ പോലുള്ള ഒരു അന്താരാഷ്ട്ര ക്ലബ്ബിന്റെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
വിദേശ ക്ലബ്ബുകളിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പലപ്പോഴും വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇത് പല താരങ്ങളുടെയും വിദേശ ക്ലബ്ബുകളിലേക്കുള്ള യാത്രയ്ക്ക് തടസ്സമായിട്ടുണ്ട്. എന്നാൽ ഇഷാൻ ഹവാരിയുടെ മാതാപിതാക്കൾ കുറച്ചുകാലമായി യു.കെയിൽ താമസിക്കുന്നതുകൊണ്ട് ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന് ബാധകമല്ല.
ഇഷാൻ ഹവാരിയുടെ എവർട്ടണിലേക്കുള്ള മാറ്റം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയിൽ ഒരു നിർണായക ചുവടുവെയ്പ്പാണ്. ഇന്ത്യൻ താരങ്ങൾക്ക് അന്താരാഷ്ട്ര ക്ലബ്ബുകളിൽ കളിക്കാൻ സാധിക്കുമെന്ന് ഇത് തെളിയിക്കുന്നു.
