ആവേശം ക്ലബ്ബ് സ്പോർട്സ് കമ്മ്യൂണിറ്റികൾ സന്ദീപ് ദാസ് എഴുതുന്നു, ജീവിതത്തിൽ നിങ്ങൾക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ അവയെ കെ.എൽ രാഹുലിനെപ്പോലെ ഉപയോഗിക്കുക. മായങ്ക് അഗർവാളിന് പരിക്കേറ്റതുകൊണ്ട് മാത്രം അവസാന ഇലവനിൽ ഉൾപ്പെട്ട രാഹുൽ ഇംഗ്ലണ്ടിൽ കളിച്ച 3 ഇന്നിംഗ്സുകളിലും തിളങ്ങി. ഇപ്പോൾ ലോർഡ്സിൽ സെഞ്ച്വറിയും!
ടെസ്റ്റ് ക്രിക്കറ്റിൽ രാഹുൽ അസ്ഥിരതയോടെ കളിച്ചുകൊണ്ടിരുന്നത് ആരുടെ നഷ്ടമായിരുന്നു? രാഹുലിൻ്റെ? അതോ ഇന്ത്യയുടെയോ? കൂടുതൽ നഷ്ടം ഇന്ത്യയ്ക്കായിരുന്നു എന്ന് തോന്നുന്നു.
കംപ്ലീറ്റ് ബാറ്റ്സ്മാൻ എന്ന വിശേഷണത്തോട് അടുത്തുനിൽക്കുന്ന ആളാണ് രാഹുൽ. ഡിഫൻസീവ് ഗെയിം കൈവശമുണ്ട്. ജൂനിയർ ക്രിക്കറ്റ് കളിക്കുമ്പോൾ ദ്രാവിഡ് അച്ചിൽ വാർത്തെടുക്കപ്പെട്ട കളിക്കാരനായിരുന്നു രാഹുൽ.
ആവശ്യമുള്ളപ്പോൾ അറ്റാക്കിങ്ങ് മോഡിലേക്ക് മാറാനും സാധിക്കും. കഴിഞ്ഞ ഇംഗ്ലണ്ട് ടൂറിലെ അവസാന ടെസ്റ്റിലെ സെഞ്ച്വറി ഓർമ്മിക്കുക.
ഈ പര്യടനത്തിലെ കാര്യം നോക്കൂ. ആദ്യ ടെസ്റ്റിൽ രോഹിതിനേക്കാൾ വേഗത്തിൽ സ്കോർ ചെയ്യുന്നത് കണ്ടു. ലോർഡ്സിൽ രോഹിത് കുതിച്ചുപാഞ്ഞപ്പോൾ സാവധാനം കളിച്ചു. രോഹിത് പുറത്തായതിനുശേഷം കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു.
എന്തിനും സാധിക്കുന്ന താരം. ഇതുപോലൊരാളെ ഏത് ടീമാണ് കൊതിക്കാത്തത്?ഈ ഫോം തുടരണം എന്ന് അതിയായി ആഗ്രഹിക്കുന്നു.