തുടർച്ചയായ രണ്ടാം തവണയും ബ്രസീലിയൻ ടീം ഒളിമ്പിക് മെഡൽ കഴുത്തിൽ അണിയുമ്പോൾ കാനറികളുടെ ആരാധകർ വളരെയധികം ആഹ്ലാദത്തിലാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടുപോയ കോപ്പ അമേരിക്ക കിരീട ദുരന്തത്തിന്റെ വേദന അവർ മറന്നു കഴിഞ്ഞു.
ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം എന്ന പെരുമയുമായി എത്തിയ സ്പെയിനിനെ തന്നെയായിരുന്നു ബ്രസീലിന്റെ ചുണക്കുട്ടികൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഫൈനൽ മത്സരത്തിൽ വീണുകിട്ടിയ ഒരു പെനാൽറ്റി കിക്ക് പാഴാക്കി എങ്കിലും കാനറികളുടെ പുതിയ രാജകുമാരൻ റിച്ചാർലിസൺ നിറഞ്ഞു നിന്നു.
മെഡൽ ദാനച്ചടങ്ങിൽ റിചാർലിസൻ തന്നെയായിരുന്നു ഹീറോ. മെഡൽ ദാനത്തിനായി വന്ന ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫെന്റീനോയോട് ഇതേ കാഴ്ച അടുത്തവർഷം ഖത്തറിൽ കാണിച്ചുതരാം എന്നായിരുന്നു യുവതാരം പറഞ്ഞത്. ടൂർണ്ണമെൻറിൽ ഉടനീളം മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്.
അടുത്ത വർഷം ഖത്തറിൽ കാണാം എന്ന് പറഞ്ഞത് ലോകകപ്പ് ഉദ്ദേശിച്ചു തന്നെയാണ്. ഖത്തർ ലോകകപ്പ് മറക്കാനയിലേക്ക് കവർന്നു കൊണ്ടുപോകാൻ തന്നെയാണ് ഈ യുവതാരത്തിൻറെയും സംഘത്തിൻറെയും തീരുമാനം.
കോപ്പ അമേരിക്ക കിരീടം നഷ്ടത്തിന്റെ വേദന മറക്കുവാൻ ബ്രസീലിന് ഈ ഒളിമ്പിക്സ് സ്വർണമെഡൽ തന്നെ ധാരാളമാണ്. എന്നാൽ ബ്രസീലിൻറെ ഹൃദയത്തിൽ നീറി എരിയുന്ന ഒരു കനലുണ്ട്. സ്വന്തം ആരാധകരുടെ ഹൃദയഭൂമിയായ മറക്കാനയിൽ വച്ച് ജർമ്മനിയുടെ കയ്യിൽ നിന്നു നേരിട്ട പരാജയത്തിന്റെ വേദന.
ആ വേദന മറക്കണമെങ്കിൽ ഒരു വിശ്വകിരീടം വീണ്ടും ആരാധകർക്ക് സമ്മാനിച്ചാൽ മാത്രമേ കഴിയുകയുള്ളൂ. അതിനുള്ള തീരുമാനത്തിൽ ഉറച്ചു തന്നെയാണ് ബ്രസീലിലെ യുവതലമുറയും തയ്യാറെടുക്കുന്നത്.